സ്വാമി വിവേകാനന്ദന്റെ സമാധിദിനം
എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ…
മാനവസേവയാണ് മാധവസേവ..!
യുവജനതയുടെ ഹരമായി മാറിയ സന്യാസിവര്യനാണ് വിവേകാനന്ദന്‍. അദ്ദേഹത്തെക്കുറിച്ച് യുവജനതയോട് പറയേണ്ടതില്ല. കാരണം ചിന്തകൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം സ്വാമി വിവേകാനന്ദന്റെ ജീവിതം യുവഹൃദയങ്ങള്‍ തൊട്ടുണര്‍ത്തിയവയാണ്. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്താന്‍ വിവേകാനന്ദന്റെ പ്രബോധനങ്ങള്‍ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു.
വിവേകാനന്ദന്റെ ആവിര്‍ഭാവം ഭാരതീയ സംസ്‌കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തില്‍ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാര്‍ശനികനെന്ന നിലയില്‍ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളില്‍നിന്നും അപഗ്രഥിക്കാം. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യന്‍. മതസംസ്‌കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയില്‍ പുതിയ നിര്‍വചനവും വ്യാഖ്യാനവും നല്‍കി ആയുസ്സ് നീട്ടിക്കൊടുത്ത ദാര്‍ശനികന്‍. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്‌ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. 1902 ജൂലൈ നാലിനാണ് അദ്ദേഹം സമാധിയായത്.
Comments are closed.