രാജലക്ഷ്മി; അകാലത്തില്‍ പൊലിഞ്ഞുപോയ മലയാള സാഹിത്യത്തിലെ ശക്തമായ സ്ത്രീസാന്നിദ്ധ്യം
1956 കാലങ്ങളില്‍, മലയാള സാഹിത്യലോകത്ത് നക്ഷത്രമായി ഉദിച്ചുയരുകയും, ആത്മഹത്യയിലൂടെ സാഹിത്യലോകത്തേയും, കേരളത്തേയും ഞെട്ടിക്കുകയും ചെയ്ത എഴുത്തുകാരിയാണ് രാജലക്ഷ്മി . ആത്മനിഷ്ഠയും ഭാവതീവ്രതയും വിഷയമാക്കി കഥകളെഴുതിയ കഥാകാരിയും നോവലിസ്റ്റുമാണ് രാജലക്ഷ്മി. സ്വന്തം പീഡകളെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ കൃതികള്‍. മലയാളത്തിലെ എമിലിക് ബ്രോണ്ടി എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. മലയാള കഥാ സാഹിത്യത്തിലെ തിളക്കമാര്‍ന്ന താരകമാണ് രാജലക്ഷ്മി എന്ന കഥാകാരി. ഒരു ദശാബ്ദം മാത്രം നീണ്ട രചനാ സപര്യക്കിടയില്‍ പന്ത്രണ്ടു കഥകളും മറ്റു മൂന്നു നോവലുകളും കുറച്ചു ഗദ്യ കവിതകളും അവര്‍ കൈരളിക്ക് സമര്‍പ്പിച്ചു.
1930 ജൂണ്‍ 2 ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ തേക്കത്ത് അമയങ്കോട്ട് തറവാട്ടില്‍ മാരാത്ത് അച്യുതമേനോന്റെയും ടി.എ. കുട്ടിമാളു അമ്മയുടെയും മകളായാണ് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിച്ചു. മഹാരാജാസ് കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദംനേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദത്തിനു ചേര്‍ന്നുവെങ്കിലും പഠനം പാതിയില്‍ നിറുത്തി. പിന്നീട് രാജലക്ഷ്മി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് 1953ല്‍ ഭൗതികശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജുകളില്‍ അദ്ധ്യാപകവൃത്തിനോക്കി.
1956ല്‍ മാതൃഭൂമി ആഴ്ച്പ്പതിപ്പ് പ്രസിദ്ധീകരിച്ച മകള്‍ എന്ന നീണ്ടകഥയിലൂടെയാണ് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. 1958ല്‍ ഒരു വഴിയും കുറേ നിഴലുകളും എന്ന നോവല്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960ല്‍ ഉച്ചവെയിലും ഇളംനിലാവും എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ട് ഭാഗങ്ങള്‍ക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവല്‍ നിര്‍ത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണ് ഇതിനു കാരണമായത്. എഴുതിയ നോവല്‍ പിന്നീട് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965ല്‍ ഞാനെന്ന ഭാവം എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവന്‍ എന്നീ പ്രസിദ്ധീകരണങ്ങളിലാണ് രാജലക്ഷ്മി കഥകള്‍ എഴുതിയിരുന്നത്. ജീവിതം തന്നെ രചനക്കുള്ള ഉപാധിയാക്കിക്കൊണ്ടു അവര്‍ നടത്തിയ പരിശ്രമങ്ങള്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുത്തുവാന്‍ കാരണമായി.
1965 ജനുവരി 18ന് 34-ാം വയസ്സില്‍ രാജലക്ഷ്മി ആത്മഹത്യചെയ്തു.
Comments are closed.