DCBOOKS
Malayalam News Literature Website

ആര്‍. ശങ്കര്‍; കേരളചരിത്രം അടിവരയിട്ട് അടയാളപ്പെടുത്തിയ ഒരു കാലത്തിന്റെ രാഷ്ട്രീയ നായകന്‍

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ 1909 ഏപ്രില്‍ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പുത്തൂരില്‍ കുഴിക്കലിടവകയില്‍ വിളയില്‍കുടുംബത്തില്‍ രാമന്‍വൈദ്യര്‍, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു. അദ്ദേഹം 1962 സെപ്റ്റംബര്‍ 26 മുതല്‍ 1964 സെപ്റ്റംബര്‍ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു.

പുത്തൂര്‍ പ്രാഥമിക വിദ്യാലയത്തിലും, പീന്നീടു കൊട്ടാരക്കര ഇംഗ്ലീഷ് വിദ്യാലയത്തിലും പഠിച്ചു. 1924ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് രസതന്ത്ര ബിരുദം നേടി. 1931ല്‍ ശിവഗിരി ഇംഗ്ലീഷ് മിഡിയം സ്‌കൂളില്‍ പ്രധാനാദ്ധ്യാപകനായി നിയമിതനായി. അതിനുശേഷം തിരുവനന്തപുരം ലോ കോളെജില്‍ പഠിക്കുകയും 1936 മുതല്‍ അഭിഭാഷകനായി ജോലി നോക്കുകയും ചെയ്തു. ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. ഒരു മകനും ഒരു മകളുമുണ്ട്. പിന്നോക്ക വിഭാഗങ്ങളോടുള്ള വിവേചനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തനം തുടങ്ങി.

കോണ്‍ഗ്രസ്സുകാരനായി രാഷ്ടീയപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം സമുദായരംഗത്തും പ്രവര്‍ത്തിച്ചു. 1959 ല്‍ വിമോചനസമരകാലത്തു സമുദായത്തില്‍ ബഹുഭൂരിപക്ഷമാളുകളും ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോള്‍ അദ്ദേഹം വിമോചനസമരത്തിനു് നേതൃത്വം നല്‍കി. അക്കാലത്ത് അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നു. 1948ല്‍ തിരുവിതാംകൂര്‍ സംസ്ഥാന അസംബ്ലിയിലും, 1949 മുതല്‍ 1956 വരെ തിരുകൊച്ചി സംസ്ഥാന അസംബ്ലിയിലും അംഗമായിരുന്നു.

1960 ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ ഐക്യം പട്ടം താണുപിള്ളയുടെ നേത്യത്വത്തില്‍ അധികാരത്തില്‍ വന്നു. ആ മന്ത്രിസഭയില്‍ കണ്ണൂരില്‍ നിന്നുളള എം.എല്‍.എ ആയിരുന്ന ആര്‍.റങ്കര്‍ ഉപമുഖ്യമന്ത്രിയായിരുന്നു. ധനകാര്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 1962 ല്‍ പട്ടം താണുപിള്ള ആന്ധ്ര ഗവര്‍ണറായി പോയപ്പോള്‍ ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായി. പട്ടംതാണുപിള്ളക്കു ശേഷം ശങ്കര്‍ മുഖ്യമന്ത്രിയായി. രണ്ടു വര്‍ഷത്തിലധികം അധികാരത്തിലിരുന്ന ആ മന്ത്രിസഭ. ഭരണകാലത്ത്, പി.ടി. ചാക്കോയും, മന്നത്ത് പത്മനാഭനുമായുള്ള അദ്ദേഹത്തിന്റെ അധികാര വടംവലി ഭരണരംഗത്തു പ്രതിസന്ധിയുണ്ടാക്കി. തുടര്‍ന്നു കോണ്‍ഗ്രസ്സിലെ ഭിന്നിപ്പു കാരണം 1964ല്‍ ആ മന്ത്രിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടുകയും ആര്‍.ശങ്കറിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

മന്ത്രിസഭാ പതനത്തിനുശേഷം അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും, പിന്നീട്. എസ്.എന്‍. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മാത്രമായി പൊതുപ്രവര്‍ത്തനം ഒതുക്കി. 1965ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് എ.ഐ.സി.സി. നിര്‍ദ്ദേശപ്രകാരം ചിറയിന്‍കീഴ് മണ്ഢലത്തില്‍ നിന്നും അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചു. സ്വര്‍ണ്ണത്തില്‍ പണിത ഒരു നിലവിളക്കു അദ്ദേഹം സമ്മാനമായി വാങ്ങിച്ചുവെന്ന ആരോപണം അക്കാലത്തു സജീവമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ചിറയിന്‍കീഴില്‍ പരാജയപ്പെട്ടു. 1972 നവംബര്‍ 6ന് അദ്ദേഹം അന്തരിച്ചു.

Comments are closed.