പുത്തന്‍കാവ് മാത്തന്‍ തരകന്റെ ചരമവാര്‍ഷികദിനം
കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്ന പുത്തന്‍കാവ് മാത്തന്‍ തരകന്‍ ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903 സെപ്റ്റംബര്‍ 6ന് ജനിച്ചു. സ്‌കൂള്‍ ഫൈനല്‍ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസമെങ്കിലും സ്വപ്രയത്‌നത്താല്‍ വിദ്വാന്‍ പരീക്ഷയും മലയാളം എം.എ പരീക്ഷയും എഴുതി ജയിച്ചു. സ്‌കൂള്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1952 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ അദ്ധ്യാപകനായും മലയാളം വിഭാഗം മേധാവിയായും പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു. 1958-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.
മദ്രാസ് കേരള സര്‍വ്വകലാശാലകളുടെ പരീക്ഷ ബോര്‍ഡ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയില്‍ അംഗമായിരുന്നു. 196064 കാലഘട്ടത്തില്‍ സാഹിത്യഅക്കാദമി അംഗമായിരുന്നു.ധ1പ പത്രം, സ്‌കൗട്ട് എന്നീ രംഗങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1993 ഏപ്രില്‍ 5-ന് അന്തരിച്ചു. ഇദ്ദേഹത്തിന്റെ പുത്രന്മാരാണ് ഡോ.കെ.എം. തരകനും ഡോ.കെ.എം. ജോസഫും.
കവിത, നിരൂപണം, ഉപന്യാസം, നോവല്‍, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യ മേഖലകളിലായി നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാഷാപ്രയോഗത്തില്‍ വലിയ നിഷ്ഠ പുലര്‍ത്തുന്ന മാത്തന്‍ തരകന്‍ സംസ്‌കൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തങ്ങളിലും കവിതയെഴുതിയിട്ടുണ്ട്. വിശ്വദീപം എന്ന മഹാകാവ്യത്തിനു പുറമേ കാവ്യസങ്കീര്‍ത്തനം, കൈരളി ലീല, ഹേരോദാവ്, വേദാന്തമുരളി, വികാരമുകുളം, ഉദയതാരം, കേരളഗാനം, ഉദ്യാനപാലകന്‍, കാവ്യതാരകം, ആര്യഭാരതം, തോണിക്കാരന്‍, വസന്ത സൗരഭം തുടങ്ങിയ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇണങ്ങാത്ത മനുഷ്യന്‍, ജീവിതാമൃതം, മധുബാലിക എന്നീ നോവലുകളുടെയും പൗരസ്ത്യ നാടകദര്‍ശനം, സാഹിത്യവിഹാരം, സാഹിത്യവേദി, സാഹിത്യസോപാനം തുടങ്ങിയ ഉപന്യാസ ഗ്രന്ഥങ്ങളുടെയും രചയിതാവാണ് മാത്തന്‍ തരകന്‍.
Comments are closed.