എ. ടി. കോവൂരിന്റെ 42-ാമത് ചരമ വാർഷികദിനം
യുക്തിവാദി പ്രസ്ഥാനത്തിന് എ. ടി. കോവൂർ നൽകിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടും. ഇന്ന് കോവൂരിന്റെ 42-ാമത് ചരമ വാർഷികം. ജനങ്ങളെ യുക്തിസഹമായി ചിന്തിക്കാനും ശാസ്ത്രീയമായി പരിപോഷിപ്പിക്കാനും പ്രേരിപ്പിച്ച പ്രശസ്‌ത യുക്തിവാദിയും മനഃശാസ്‌ത്ര ചിന്തകനുമായ ഡോ.എബ്രഹാം ടി.കോവൂര്‍ എന്ന എ.ടി.കോവൂര്‍ യുക്തിവാദത്തിന്‍റെ പ്രധാന പ്രചാരകനും പ്രയോക്താവുമായിരുന്നു.
1898 ഏപ്രില്‍ 10 ന് തിരുവല്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മാര്‍ത്തോമ സിറിയന്‍ ചര്‍ച്ചിന്റെ വികാരി ജനറലായിരുന്ന കോവൂര്‍ ഐപ്പ് തോമാ കത്തനാരായിരുന്നു പിതാവ്.
അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച എ.ടി. കോവൂർ ഇന്ത്യയിലും ശ്രീലങ്കയിലും സജീവ യുക്തിവാദത്തിന്റെയും മതനിഷേധ പ്രസ്ഥാനത്തിന്റെയും അഗ്നിനാളം ഉയർത്തിപ്പിടിച്ച ഉജ്ജ്വല പ്രചാരകനും ലേഖകനും ആയിരുന്നു. 1959 മുതൽ 1978 വരെ അദ്ദേഹം ഏഷ്യൻ യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതൃത്വം വഹിച്ചു. സമൂഹത്തെ മുറുക്കിപ്പിടിച്ചിരുന്ന ജോല്‍സ്യം പോലുളള അന്ധവിശ്വാസങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ എതിര്‍ത്തു എന്നത് കോവൂരിന്റെ മാഹാത്മ്യങ്ങളിലൊന്നാണ്. സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെയുളള വര്‍ഗസമരത്തോടൊപ്പം, സമൂഹത്തെ കാര്‍ന്നുതിന്നുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെയും സമരം നടത്തേണ്ടിയിരിക്കുന്നു.
“സ്വന്തം ദിവ്യാത്ഭുതങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സമ്മതിക്കാത്തവന്‍ പറ്റിപ്പുകാരനാണ്. ദിവ്യാത്ഭുതങ്ങള്‍ അന്വേഷിക്കാന്‍ മിനക്കെടാത്തവന്‍ എളുപ്പം വഞ്ചിതനാവുന്നവനാണ്. എന്നാല്‍ പരിശോധന കൂടാതെ ഒരു കാര്യം വിശ്വസിക്കുന്നവനാകട്ടെ വിഡ്ഢിയാണ്” എന്നാണ് കോവൂരിന്‍റെ പ്രശസ്തമായ ചിന്താഗതി.
തന്‍റെ അവസാന കാലത്ത് കോവൂര്‍ ശ്രീലങ്കയിലായിരുന്നു. 80ാം വയസ്സില്‍ 1978 സെപതംബര്‍ 18 ന് ശ്രീലങ്കയിലെ കൊളംബോയില്‍ അന്തരിച്ചു.
Comments are closed.