DCBOOKS
Malayalam News Literature Website

പൊന്‍കുന്നം വര്‍ക്കിയുടെ ചരമവാര്‍ഷികദിനം

എഴുത്തില്‍ വിപ്ലവം സൃഷ്ടിച്ച മലയാളത്തിലെ ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായിരുന്നു പൊന്‍കുന്നം വര്‍ക്കി. മുതലാളിത്തത്തിനും കിരാതഭരണകൂടങ്ങള്‍ക്കുമെതിരെ പോരാടിയ പൊന്‍കുന്നം വര്‍ക്കി തന്റെ എഴുത്തില്‍ വരുത്തിയ വിപ്ലവം ഒരു ജനതയുടെ ചിന്തയിലേക്കും വ്യാപിപ്പിച്ചു.

ആലപ്പുഴ ജില്ലയിലെ എടത്വയിലായിരുന്നു പൊന്‍കുന്നം വര്‍ക്കിയുടെ ജനനം. 1911-ല്‍ കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തേക്ക് കുടുംബത്തോടൊപ്പം താമസംമാറി. ‘തിരുമുല്‍ക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ് വര്‍ക്കി സാഹിത്യരംഗത്തേക്കു കടന്നുവരുന്നത്. 1939-ലായിരുന്നു ഇത്. പ്രഥമകൃതിക്കുതന്നെ മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു.

കഥകള്‍ എഴുതിയതിന്റെ പേരില്‍ അധികാരികള്‍ വര്‍ക്കിയെ അധ്യാപന ജോലിയില്‍നിന്നു പുറത്താക്കി. തിരുവിതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ 1946-ല്‍ ആറുമാസം ജയിലില്‍ കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുള്‍പ്പടെ അന്‍പതോളം കൃതികള്‍ വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എണ്ണപ്പെട്ട ചില മലയാള സിനിമകള്‍ക്ക് കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നാഷണല്‍ ബുക്ക് സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എക്‌സിക്യുട്ടീവ് അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചു. 2004 ജൂലൈ രണ്ടിന് അദ്ദേഹം അന്തരിച്ചു.

പ്രധാന കൃതികള്‍

അന്തിത്തിരി, തിരുമുല്‍ക്കാഴ്ച, ആരാമം, നിവേദനം, പൂജ, പ്രേമവിവാഹം, ഭര്‍ത്താവ്, അന്തോണീ നീയും അച്ചനായോടാ?, പാളേങ്കോടന്‍, രണ്ടു ചിത്രം, മോഡല്‍, വിത്തുകാള, ശബ്ദിക്കുന്ന കലപ്പ.

Comments are closed.