ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ ചരമവാര്‍ഷികദിനം
പ്രശസ്ത കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ 1877 ജൂണ്‍ ആറിന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യര്‍ ചങ്ങനാശ്ശേരിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയില്‍ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടര്‍ന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസംമാറി.തിരുവനന്തപുരത്തെ മഹാരാജാസ് കോളജില്‍ ചേര്‍ന്ന അദ്ദേഹം 1897ല്‍ തത്ത്വശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടി.
ബിരുദം നേടിയ ശേഷം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തില്‍ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി.തിരുവനന്തപുരം ടൗണ്‍ സ്‌കൂള്‍ അദ്ധ്യാപകന്‍, ജനസംഖ്യാ വകുപ്പില്‍ ഗുമസ്തന്‍, തഹസീല്‍ദാര്‍, മുന്‍സിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇന്‍കം ടാക്‌സ് കമ്മീഷണറായി ഉയര്‍ന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരന്‍, ഭാഷാഗവേഷകന്‍, ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ ഉള്ളൂര്‍ പേരെടുത്തിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ എന്നീ കവികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളകവിതയില്‍ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തില്‍ ഇവര്‍ കവിത്രയം എന്നറിയപ്പെടുന്നു. കഠിന സംസ്‌കൃതപദങ്ങള്‍ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകര്‍ക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ‘ഉജ്ജ്വല ശബ്ദാഢ്യന്‍’ എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് ‘കവിതിലകന്‍’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷണ്‍’ ബിരുദവും സമ്മാനിച്ചു. 1949 ജൂണ്‍ 15-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.