പി. പത്മരാജന്റെ ചരമവാര്‍ഷികദിനം
സിനിമയുടെയും സാഹിത്യത്തിന്റെയും ഗന്ധര്‍വ്വന്‍ പി. പത്മരാജന്‍ 1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭ പിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവുമെടുത്തു. ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരില്‍ നിന്നും സംസ്‌കൃതവും സ്വായത്തമാക്കി. പഠിക്കുന്ന കാലത്തു തന്നെ കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന.
1971ല്‍ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും കരസ്ഥമാക്കി. വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, രതിനിര്‍വ്വേദം, ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയവയാണ് ശ്രദ്ധേയ രചനകളില്‍ ചിലത്.
നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ പത്മരാജന്റെ സിനിമാ ജീവിതത്തെ തേടിയെത്തി. പെരുവഴിയമ്പലം (1979), തിങ്കളാഴ്ച നല്ല ദിവസം (1986) എന്നിവയ്ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1978ല്‍ രാപ്പാടികളുടെ ഗാഥയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും 1979ല്‍ പെരുവഴിയമ്പലത്തിന് മികച്ച കഥ, മികച്ച രണ്ടാമത്തെ ചിത്രം എന്നീ സംസ്ഥാന പുരസ്‌കാരങ്ങളും കിട്ടി. 1983ലെ ജനപ്രീതി നേടിയതും കലാമൂല്യമുള്ളതുമായ ചിത്രമായി കൂടെവിടെ തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ കാണാമറയത്തും 1988ല്‍ അപരനും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടി. മറ്റ് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1991 ജനുവരി 24ന് അദ്ദേഹം അന്തരിച്ചു.
Comments are closed.