DCBOOKS
Malayalam News Literature Website

ഓര്‍മ്മയില്‍ എന്‍ എന്‍ കക്കാട്‌

കാലമിനിയുമുരുളും..
വിഷുവരും വർഷം വരും

തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോളാരെന്നും
എന്തെന്നും ആർക്കറിയാം..

മലയാളകവിതയിലെ ആധുനികതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചകളുടെ കരുത്തുനല്‍കിയ എന്‍.എന്‍. കക്കാടിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 35 വയസ്സ് പൂര്‍ത്തിയായി.

ആധുനിക മലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ 1927 ജൂലൈ 14നാണ് എന്‍.എന്‍. കക്കാട് ജനിച്ചത്. കക്കാട് നാരായണന്‍ നമ്പൂതിരിയും ദേവകി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍.

അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്തത്. കേരള സാഹിത്യ സമിതി, വള്ളത്തോള്‍ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.

ചെറുപ്പം മുതല്‍ക്കേ കവിത എഴുതിത്തുടങ്ങിയ കക്കാടിന്റെ കവിതകള്‍ മനുഷ്യസ്‌നേഹം തുളുമ്പിനിന്നവയായിരുന്നു. ശലഭഗീതം, പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീ യാത്ര, നന്ദി തിരുവോണമേ നന്ദി, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, പകലറുതിക്കു മുന്‍പ്, നാടന്‍ചിന്തുകള്‍ തുടങ്ങിയവയായിരുന്നു പ്രധാനകൃതികള്‍. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഓടകുഴല്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1987 ജനുവരി 6ന് അദ്ദേഹം അന്തരിച്ചു.

Comments are closed.