സംഗീതസംവിധായകന്‍ രവീന്ദ്രന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകനായിരുന്നു രവീന്ദ്രന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 150-ലധികം ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രന്‍ മാസ്റ്റര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അമരം, സുഖമോ ദേവീ, ഹിസ്സ് ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളില്‍ ചിലതാണ്. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങള്‍ക്കും വസന്തഗീതങ്ങള്‍ പോലെയുള്ള ചില ഗാനസമാഹാരങ്ങള്‍ക്കും രവീന്ദ്രന്‍ സംഗീതം നിര്‍വ്വഹിച്ചു.
സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയില്‍ പാടുവാന്‍ രവീന്ദ്രന് അവസരം നല്‍കിയത്. ‘വെള്ളിയാഴ്ച’ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. പിന്നീട് മുപ്പതോളം സിനിമകളില്‍ പാടി. അവയില്‍ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു. ഗായകനെന്ന നിലയില്‍ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു. 1970-കളില്‍ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നല്‍കിയത് രവീന്ദ്രനായിരുന്നു.
ഗായകനെന്ന നിലയില്‍ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്. രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങള്‍ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകന്‍ ശശികുമാറിന് പരിചയപ്പെടുത്തുകയായിരുന്നു. അങ്ങനെ 1979-ല്‍ ‘ചൂള’ എന്ന ചിത്രത്തിലൂടെ രവീന്ദ്രന്‍ ചലച്ചിത്ര സംഗീതസംവിധായകനായി.സത്യന്‍ അന്തിക്കാട് രചിച്ച ‘താരകേ മിഴിയിതളില്‍ കണ്ണീരുമായി’ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാഗാനം.
മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ‘ഭരതം’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്‌കാരം നേടി. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ല്‍ നന്ദനത്തിലെ ഗാനങ്ങള്‍ക്ക് വീണ്ടും സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 2005 മാര്‍ച്ച് മൂന്നിന് ചെന്നൈയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Comments are closed.