ബോംബെ രവിയുടെ ചരമവാര്‍ഷികദിനം
ഇന്ത്യയിലെ പ്രശസ്തനായ സംഗീത സംവിധായകനായിരുന്നു ബോംബെ രവി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി ഭാഷകളിലായി 250-ഓളം ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. ഗുജറാത്ത്, കേരള സംസ്ഥാന അവാര്‍ഡുകളടക്കം ഇരുപതിലേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബോംബെ രവിയെ രാഷ്ട്രം 1971-ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
1926 മാര്‍ച്ച് മൂന്നിന് ദില്ലിയിലായിരുന്നു ബോംബെ രവിയെന്ന രവിശങ്കര്‍ ശര്‍മ്മയുടെ ജനനം. ചെറുപ്പം മുതല്‍ സംഗീതത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. രവിയുടെ സംഗീതപ്രതിഭയെ തിരിച്ചറിഞ്ഞ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായിരുന്ന ഹേമന്ത് കുമാര്‍ 1952-ല്‍ ഇദ്ദേഹത്തെ ആനന്ദ് മഠ് എന്ന സിനിമയില്‍, ‘വന്ദേമാതരം’ ഗാനത്തിന്റെ പിന്നണി പാട്ടുകാരില്‍ ഒരാളായി തിരഞ്ഞെടുത്തു. പിന്നീട് നാഗിന്‍ എന്ന സിനിമയില്‍ ഹാര്‍മോണിയം വായിച്ച രവി സംഗീത വിസ്മയം സൃഷ്ടിച്ചു. 1954-ല്‍ വചന്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാനത്തില്‍ അരങ്ങേറ്റം നടത്തിയത്. ചൗധ്‌വി കാ ചാന്ദ്(1960), ഗുംറാ(1963), ദോ ബദന്‍(1966), ഹംരാസ്(1967), ആംഖേന്‍(1968), നിക്കാഹ് (1982) തുടങ്ങിയവ രവിയുടെ ഹിറ്റുകളില്‍ ഉള്‍പ്പെടുന്നു. ഘരാനാ, ഖാണ്ഡന്‍ എന്നീ ചിത്രങ്ങളിലെ സംഗീതം യഥാക്രമം 1961-ലെയും 1965ലെയും ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് നേടി കൊടുത്തു. 1950-60 കളിലെ ഹിന്ദി ചലച്ചിത്ര രംഗത്തെ സജീവ സാന്നിദ്ധ്യത്തിനു ശേഷം രവി 1975 മുതല്‍ 1982 വരെ സിനിമാ രംഗത്തു നിന്ന് വിട്ടു നിന്നു. 1984-ല്‍ തവൈഫ് എന്ന ഹിന്ദി ചിത്രത്തില്‍ മഹേന്ദ്ര കപൂര്‍ പാടിയ ‘യേ ഖുദായേ പാക് യേ റബ്ഉള്‍കരീം’ എന്ന ഗാനത്തിന് രവി ഈണം പകര്‍ന്നു.
1986-ലാണ് ‘ബോംബെ രവി’ എന്ന പേരില്‍ ഇദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് കടന്നു വരുന്നത്. രവിയുടെ ഗാനങ്ങളുടെ ഒരു ആരാധകനായിരുന്ന സംവിധായകന്‍ ഹരിഹരനും പ്രശസ്ത എഴുത്തുകാരനായ എം.ടിയും മുംബൈയിലെത്തി നടത്തിയ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹം നഖക്ഷതങ്ങള്‍ (1986) എന്ന ചിത്രത്തിലെ ‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’ എന്ന ഗാനത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ഗാനത്തിന് കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. ഇതു ചിത്രയുടെ രണ്ടാമത്തെ ദേശീയ പുരസ്‌കാരമായിരുന്നു. 1986-ല്‍ ഹരിഹരന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പഞ്ചാഗ്‌നിയിലെ ‘സാഗരങ്ങളെ’, ‘ആ രാത്രി മാഞ്ഞു പോയി’ എന്നീ ഗാനങ്ങളും വലിയ ഹിറ്റുകളായി. തുടര്‍ന്ന് ഒരു വടക്കന്‍ വീരഗാഥ, സര്‍ഗ്ഗം, പരിണയം, മയൂഖം എന്നീ ഹരിഹരന്‍ ചിത്രങ്ങള്‍ക്ക് കൂടി ബോംബെ രവി സംഗീതം പകര്‍ന്നു.
ചിത്രയെ മൂന്നാമത്തെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതും രവിയുടെ തന്നെ സംഗീതമായിരുന്നു. വൈശാലി (1988) എന്ന ചിത്രത്തിലെ ‘ഇന്ദു പുഷ്പം ചൂടി നില്‍ക്കും രാത്രി’ എന്ന ഗാനമായിരുന്നു അത്. ഒ.എന്‍.വി., യൂസഫലി കേച്ചേരി, കൈതപ്രം, കെ.ജയകുമാര്‍ എന്നിവരുടെ വരികള്‍ക്കാണ് മലയാളത്തില്‍ ഇദ്ദേഹം പ്രധാനമായും സംഗീതം പകര്‍ന്നത്. 2005-ല്‍ പുറത്തിറങ്ങിയ മയൂഖമാണ് ബോംബെ രവി ഈണം പകര്‍ന്ന അവസാന മലയാള ചലച്ചിത്രം. 2012 മാര്‍ച്ച് ഏഴിന് മുംബൈയില്‍വെച്ച് അദ്ദേഹം അന്തരിച്ചു.
Comments are closed.