DCBOOKS
Malayalam News Literature Website

മുല്ലനേഴിയുടെ ചരമവാര്‍ഷികദിനം

മലയാളത്തിലെ ശ്രദ്ധേയനായ കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമായിരുന്നു മുല്ലനേഴി എന്ന മുല്ലനേഴി എം.എന്‍. നീലകണ്ഠന്‍. 1948 മേയ് 16ന് തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയില്‍ മുല്ലശ്ശേരി നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു.നീലകണ്ഠന്‍ നമ്പൂതിരിയെന്നാണ് യഥാര്‍ഥ നാമം. രാമവര്‍മ്മപുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഏറെ വര്‍ഷം ജോലി ചെയ്തു. 1980 മുതല്‍ 1983 വരെ കേരള സംഗീത നാടക അക്കാദമിയിലെ ഭരണസമിതിയില്‍ അംഗമായിരുന്നു. അരഡസനോളം കൃതികള്‍ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. ഏകദേശം 69 ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആല്‍ബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ട്.

ഞാവല്‍പ്പഴങ്ങള്‍ എന്ന ചിത്രത്തിലെ ‘കറുകറുത്തൊരു പെണ്ണാണേ’ എന്നു തുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി. ചലച്ചിത്രസംവിധായകന്‍ കൂടിയായിരുന്ന പി.എം. അബ്ദുല്‍ അസീസ് 1970കളുടെ തുടക്കത്തില്‍ രചിച്ച ചാവേര്‍പ്പട എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ട് കലാരംഗത്തേക്കു് കടന്നുവന്നു. ജി. ശങ്കരപ്പിള്ള, എസ്. രാമാനുജം എന്നീ നാടകാചാര്യന്മാര്‍ കൂടി ഭാഗഭാക്കായിരുന്ന 1975-ല്‍ ദില്ലിയില്‍ വെച്ചുനടന്ന ദേശീയ നാടകോത്സവത്തില്‍ ചാവേര്‍പ്പട ഉള്‍പ്പെട്ടിരുന്നു. 1977-ല്‍ ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം ലഭിച്ചു.

1989-ല്‍ നാലപ്പാടന്‍ സ്മാരക പുരസ്‌കാരം ലഭിച്ചു. സമതലം എന്ന നാടകഗ്രന്ഥത്തിന് 1995- ലും കവിത എന്ന കൃതിക്ക് 2010-ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു.2011 ഒക്ടോബര്‍ 22-ന് തൃശൂരില്‍ വെച്ച് അന്തരിച്ചു.

Comments are closed.