എം.പി. വീരേന്ദ്രകുമാറിന്‍റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്
മുന്‍ കേന്ദ്രമന്ത്രിയും, എംപിയും, സാഹിത്യകാരനും, മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്ര കുമാറിന്‍റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്.
ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്നു അദ്ദേഹം. കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ കൂടിയായിരുന്നു വീരേന്ദ്രകുമാര്‍. രാമന്റെ ദുഃഖം എന്ന അദ്ദേഹത്തിന്റെ കൃതി വളരെ ജനപ്രീതി നേടി. ഹൈമവതഭൂവില്‍ കേന്ദ്ര സാഹിത്യ അക്കാദമി, വയലാര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മണ്‍വയലിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാ ചരടുകളും, ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ; വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനേക്കുമ്പോള്‍ തുടങ്ങിയവയൊക്കെ പ്രധാനകൃതികളാണ്.
എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്പറ്റയില്‍ ജനനം. മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി.
മായാത്ത താളുകൾ, എം. പി. വീരേന്ദ്രകുമാറിനെ രവി ഡി സി അനുസ്മരിക്കുന്നു, പുനഃപ്രസിദ്ധീകരണം
1997 ജൂണ്‍ മാസം 22 -ാം തീയതി പൊന്‍കുന്നം വര്‍ക്കിയെകാണാന്‍ അന്ന് മന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാറിനൊപ്പം പോയതിനെക്കുറിച്ചെഴുതിയ ഡയറിയില്‍ എന്റെ പിതാവ് ഡി സി കിഴക്കെമുറി ഇങ്ങനെയെഴുതുന്നു: തന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്‍ വിയാണെന്ന് എം പി വീരേന്ദ്രകുമാര്‍ ഓര്‍മ്മിച്ചു. പ്രസംഗം കുറിച്ചിട്ട് എഴുത്തിലേക്ക് തിരിയണമെന്ന് അദ്ദേഹം തന്നെ പലപ്പോഴും ഉപദേശിച്ചിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ജൈനദേവന്റെ ചരിത്രം എന്‍ വിയുടെ നിര്‍ബന്ധം കൊണ്ടാണ് എഴുതിയത്. 300 പേജുവരെയെത്തി. ഇനി 200 പേജുകൂടി എഴുതണം. അതിനുള്ള സമയം കണ്ടെത്തണം…
ഡി സി കിഴക്കെമുറിയുടെ ഡയറിയില്‍ എം പി വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ നിരവധി താളുകളുണ്ട്. അക്കാലം മുതല്‍ തന്നെ അദ്ദേഹത്തിനും അദ്ദേഹം നേതൃത്വം നല്‍കിയ മാതൃഭൂമിയ്ക്കും ഡ സി ബുക്‌സുമായി അടുത്ത ബന്ധമാണുള്ളത്. കോട്ടയത്തെത്തുമ്പോള്‍ പലപ്പോഴും വീട്ടിലെ സന്ദര്‍ശകനായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ആമസോണും കുറേ വ്യാകുലതകളും എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയിരുന്നു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ ഇ പി രാജഗോപാല്‍ നടത്തിയ മുഖാമുഖത്തില്‍ യാത്രാജീവിതത്തെക്കുറിച്ച് ആത്മകഥാപരമായിതന്നെ അദ്ദേഹം സംസാരിച്ചതോര്‍ക്കുന്നു. എഴുത്തുകാരന്‍, സോഷ്യലിസ്റ്റ്, കോളമിസ്റ്റ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ തുടങ്ങി ബഹുനിലകളില്‍ കേരളീയ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് വിട പറഞ്ഞിരിക്കുന്നത്. ഡി സി ബുക്‌സിന്റെ ആദരം.
Comments are closed.