മഹാശ്വേതാ ദേവിയുടെ ചരമവാര്‍ഷികദിനം

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു മഹാശ്വേതാ ദേവി. പദ്മവിഭൂഷണും മാഗ്‌സസെ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവുമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1926-ല്‍ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലായിരുന്നു ജനനം. ജുബന്‍ശ്വ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആയിരുന്നു പിതാവ്. അമ്മ, ധരിത്രി ഘടക്കും അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആയിരുന്നു. സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയും, ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു. അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കുകയും, പിന്നീട് കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് അതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.
മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളില്‍ പലതും പശ്ചിമബംഗാളിലെ ആദിവാസികള്‍, സ്ത്രീകള്‍, ദളിതര്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. അവയിലേറെയും ആദിവാസികള്‍ അനുഭവിയ്‌ക്കേണ്ടി വന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍, ജാതിപരമായ ഉച്ചനീചത്വങ്ങള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തുടങ്ങിയവയെ വരച്ചു കാട്ടുന്നുവയാണ്. ബീഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷമത്തിനായി പൊരുതുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയായിരുന്നു അവര്‍. ബംഗാളിലെ ഇടതുപക്ഷ ഗവര്‍മെന്റിന്റെ വ്യാവസായിക നയങ്ങളോട് എതിര്‍പ്പ് അറിയിച്ച മഹാശ്വേതാ ദേവി സംസ്ഥാനത്ത് നടന്ന വിവിധ കാര്‍ഷികസമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2016 ജൂലൈ 28ന് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം.
പ്രധാന കൃതികള്‍
ഝാന്‍സിറാണി, ഹജാര്‍ ചുരാഷിര്‍ മാ, അരണ്യേര്‍ അധികാര്‍, അഗ്നി ഗര്‍ഭ, തിത്തുമിര്‍, ദ്രൗപദി, രുധാലി.
Comments are closed.