DCBOOKS
Malayalam News Literature Website

എം.പി പോളിന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും സാഹിത്യ വിമര്‍ശകനായിരുന്നു എം.പി പോള്‍. 1904 മെയ് ഒന്നിന് എറണാകുളം ജില്ലയിലെ പുത്തന്‍പള്ളിയിലാണ് ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരിക്കെ മാനേജ്‌മെന്റ് തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും ജോലി രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് പോള്‍സ് ട്യൂട്ടോറിയല്‍ സ്ഥാപിച്ചു. അങ്ങനെ കേരളത്തിലെ ട്യൂട്ടോറിയല്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി.

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ച എംപി പോള്‍ എഴുത്തുകാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുന്‍കൈയ്യെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു അദ്ദേഹം. മതസ്ഥാപനങ്ങളുടെ പ്രത്യേകിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്ന അദ്ദേഹത്തിന് തന്മൂലം ജീവിതകാലം മുഴുവന്‍ സഭയുടെ എതിര്‍പ്പു നേരിടേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹം.

നോവല്‍ സാഹിത്യം, ചെറുകഥാ പ്രസ്ഥാനം, ഗദ്യഗതി, സാഹിത്യവിചാരം, സൗന്ദര്യനിരീക്ഷണം, കാവ്യദര്‍ശനം തുടങ്ങിയ കൃതികളിലൂടെ മലയാളിയില്‍ ഒരു സാഹിത്യാവബോധം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1952 ജൂലൈ 12-ന് എം.പി പോള്‍ അന്തരിച്ചു. 1953-ല്‍ അദ്ദേഹത്തിന്റെ സ്മരണക്കായി കോട്ടയം ജില്ലയിലെ നാട്ടകത്ത് ഒരു അച്ചടിശാല സഹകരണസംഘം ആരംഭിച്ചിരുന്നു.

Comments are closed.