വിലാസിനി(എം.കെ. മേനോന്‍)ചരമവാര്‍ഷികദിനം
മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികളുടെ രചയിതാവാണ് വിലാസിനി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന എം.കെ മേനോന്‍. നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം എം.കൃഷ്ണന്‍കുട്ടി മേനോന്‍ എന്നായിരുന്നു. വിലാസിനി എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹത്തിന്റെ രചനകളേറെയും.
വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയില്‍ 1928 ജൂണ്‍ 23-നായിരുന്നു വിലാസിനിയുടെ ജനനം. 1947-ല്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവര്‍ഷം കേരളത്തില്‍ അധ്യാപകനായും നാലുവര്‍ഷം ബോംബെയില്‍ ഗുമസ്തനായും ജോലിനോക്കിയശേഷം 1953ല്‍ സിംഗപ്പൂരിലേക്ക് പോയി. തുടര്‍ന്നുള്ള 25 വര്‍ഷക്കാലം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യന്‍ കേന്ദ്രത്തിന്റെ ഡയറക്ടറായാണ് വിരമിച്ചത്. 1977-ല്‍ കേരളത്തിലേക്ക് തിരിച്ചെത്തിയ എം.കെ മേനോന്‍ 1993-ല്‍ മരിക്കുന്നതു വരെ മലയാള സാഹിത്യത്തിലെ സജീവ സാന്നിധ്യമായിരുന്നു. മെയ് 15-നായിരുന്നു അന്ത്യം.
നോവലുകളും യാത്രാവിവരണങ്ങളുമുള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ അവകാശികള്‍ എന്ന ബൃഹദ് നോവല്‍ നാല് വാല്യമായാണ് പ്രസിദ്ധീകരിച്ചത്.മറ്റ് പ്രധാന കൃതികള്‍: നിറമുള്ള നിഴലുകള്‍, ഇണങ്ങാത്ത കണ്ണികള്‍, ഊഞ്ഞാല്‍, ചുണ്ടെലി, യാത്രാമുഖം. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Comments are closed.