DCBOOKS
Malayalam News Literature Website

ലോനപ്പന്‍ നമ്പാടന്റെ ചരമവാര്‍ഷിക ദിനം

ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും അധ്യാപകനുമായിരുന്നു ലോനപ്പന്‍ നമ്പാടന്‍ (13 നവംബര്‍ 1935-5 ണ്‍ 2013). 1965 മുതല്‍ ആറുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം രണ്ടുതവണ സംസ്ഥാനമന്ത്രിയായിരുന്നു. 2004ല്‍ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകന്‍, നാടകനടന്‍ എന്നീ നിലകളിലും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിക്കടുത്ത് പേരാമ്പ്ര മാളിയേക്കല്‍ നമ്പാടന്‍ വീട്ടില്‍ കുരിയപ്പന്റെയും പ്ലമേനയുടെയും ഏകമകനായി ജനനം. രണ്ടാം വയസ്സില്‍ പിതാവ് മരിച്ചു. പേരാമ്പ്രയിലും കൊടകരയിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം രാമവര്‍മ്മപുരത്ത് നിന്ന് ടി.ടി.സി. പാസ്സായ ലോനപ്പന്‍ നമ്പാടന്‍ ആനന്ദപുരം ശ്രീകൃഷ്ണ യു.പി.എസ്സിലും തുടര്‍ന്ന് പേരാമ്പ്ര സെന്റ്.ആന്റണീസ് സ്‌കൂളിലും അധ്യാപകനായി.5 മുതല്‍ 10 വരെയുള്ള കേരള നിയമസഭകളില്‍ അംഗമായിരുന്നു ലോനപ്പന്‍ നമ്പാടന്‍. കൊടകര, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

1963ല്‍ കൊടകര പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു ജയിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. തൊട്ടടുത്ത വര്‍ഷം കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ അതില്‍ ചേര്‍ന്നു. 1965ല്‍ കൊടകര നിയോജക മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1977ല്‍ കൊടകരയില്‍ നിന്ന് തന്നെ ജയിച്ചു ആദ്യമായി നിയമസഭയിലെത്തി. 1980ല്‍ രണ്ടാം തവണയും ജയിച്ചു. ഇത്തവണ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പു മന്ത്രിയായി. എന്നാല്‍ 1981ല്‍ കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് നായനാര്‍ സര്‍ക്കാര്‍ നിലംപതിച്ചു. 1981 ഡിസംബറില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഭരണപ്രതിപക്ഷങ്ങള്‍ക്കു തുല്യ അംഗബലമുണ്ടായിരുന്ന നിയമസഭയില്‍ 1982 മാര്‍ച്ച് 15 ന് ലോനപ്പന്‍ നമ്പാടന്‍ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ നിലനിന്ന സര്‍ക്കാര്‍ നിലം പൊത്താന്‍ ഇതു കാരണമായി.

അതിനുശേഷം കേരളാ കോണ്‍ഗ്രസ്സില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ ഇദ്ദേഹം ഇടത് സ്വതന്ത്രനായി ഇരിങ്ങാലക്കുടയില്‍ നിന്ന് നാല് തവണ ജയിച്ച് നിയമസഭയിലെത്തി. 1982ല്‍ കോണ്‍ഗ്രസിലെ ജോസ് താന്നിക്കലിനെയും 1987ല്‍ എ.സി.പോളിനെയും 1991ല്‍ എ.എല്‍. സെബാസ്റ്റ്യനെയും 1996ല്‍ കേരളാ കോണ്‍ഗ്രസ് (എം)ലെ തോമസ് ഉണ്ണിയാടനെയുമാണ് പരാജയപ്പെടുത്തിയത്. ഇതില്‍ 1987 മുതല്‍ 1991 വരെയുള്ള കാലത്ത് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഭവന നിര്‍മ്മാണ വകുപ്പു മന്ത്രിയായി പ്രവര്‍ത്തിച്ചു. 2001ല്‍ കൊടകരയില്‍ മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി. വിശ്വനാഥനോടു പരാജയപ്പെട്ടു. 2004ല്‍ മുകുന്ദപുരത്തു നിന്ന് സി.പി.ഐ.എം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഇദ്ദേഹം പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭയിലെത്തി.

രാഷ്ട്രീയത്തിനൊപ്പം കലാപ്രവര്‍ത്തനങ്ങളിലും തത്പരനായിരുന്ന നമ്പാടന്‍ 25ഓളം നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. അശ്വത്ഥാമാവ് ഉള്‍പ്പെടെ മൂന്നു സിനിമകളിലും നാരായണീയം എന്ന ടെലിഫിലിമിലും അഭിനയിച്ചു. ദീര്‍ഘകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന നമ്പാടന്‍ 2013 ജൂണ്‍ 5ആം തിയതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.

Comments are closed.