ഡാവിഞ്ചിയുടെ ചരമവാര്‍ഷികദിനം
നവോത്ഥാന കാലത്തെ പ്രശസ്ത കലാകാരനായിരുന്നു ലിയോനാര്‍ഡോ ഡാവിഞ്ചി. ലോകത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന അദ്ദേഹം ശില്പി, സംഗീതജ്ഞന്‍, എഞ്ചിനീയര്‍, അനാട്ടമിസ്റ്റ്, ജീവശാസ്ത്രപ്രതിഭ, ഭൂഗര്‍ഭ ശാസ്ത്രകാരന്‍, ചരിത്രകാരന്‍, ഭൂപട നിര്‍മ്മാണ വിദഗ്ധന്‍ എന്നീ നിലകളില്‍ അസാമാന്യപാടവം നേടിയ ഒരു ബഹുമുഖപ്രതിഭ കൂടിയായിരുന്നു.1452 ഏപ്രില്‍ 15-ന് ഇറ്റലിയിലെ ഫ്‌ളോറന്‍സ് പ്രവിശ്യയിലായിരുന്നു ഡാവിഞ്ചിയുടെ ജനനം.
ഡാവിഞ്ചിയുടെ തിരുവത്താഴം, മൊണാലിസ എന്നീ ചിത്രങ്ങള്‍ അവയുടെ കലാമൂല്യത്തിന്റെ പേരില്‍ ലോകപ്രശസ്തങ്ങളാണ്. ഇദ്ദേഹത്തിന്റെ ചിന്താഗതികള്‍ ഏറെ ദീര്‍ഘവീക്ഷണത്തോടെയുള്ളതായിരുന്നു. എയ്‌റോഡൈനാമിക്‌സിലെ നിയമങ്ങള്‍, വിമാനം കണ്ടുപിടിക്കുന്നതിന് 400 വര്‍ഷം മുന്‍പ് അദ്ദേഹം കണ്ടുപിടിച്ചു. ഉന്നത നവോത്ഥാനത്തിന്റെ നായകരില്‍ ഒരാളായിരുന്നു ഡാവിഞ്ചി. യഥാതഥ ചിത്രകലയില്‍ (റിയലിസ്റ്റിക്) വളരെ തല്പരനായിരുന്ന ഡാവിഞ്ചി ഒരിക്കല്‍ മനുഷ്യ ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കാനായി ഒരു ശവശരീരം കീറി മുറിച്ചുനോക്കിയിട്ടുണ്ട്.
ഒരു പുതിയ ചിത്രകലാ രീതി തന്നെ ഡാവിഞ്ചി വികസിപ്പിച്ചെടുത്തിരുന്നു. അക്കാലത്ത് ചിത്രകാരന്മാര്‍ വെളുത്ത പശ്ചാത്തലമായിരുന്നു ചിത്രങ്ങള്‍ രചിക്കാന്‍ ഉപയോഗിച്ചിരുന്നത്. ലിയൊനാര്‍ഡോ ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച് ചിത്രങ്ങള്‍ രചിച്ചു. ഇതൊരു ത്രിമാന പ്രതീതി ചിത്രത്തിലെ പ്രധാന വസ്തുവിന് നല്‍കി. പല നിഴലുകള്‍ ഉള്ള ഇരുണ്ട ശൈലിയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ പ്രശസ്തനായിരുന്നു ഡാവിഞ്ചി. 1519 മെയ് രണ്ടിന് ഫ്രാന്‍സില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Comments are closed.