DCBOOKS
Malayalam News Literature Website

ലിയോ ടോൾസ്റ്റോയ്; മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണഭാവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച വിശ്രുത റഷ്യൻ കഥാകാരൻ

മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണഭാവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച ആ വിശ്രുത റഷ്യൻ കഥാകാരൻ ലിയോ ടോള്‍സ്‌റ്റോയിയുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്. ആഖ്യാനകലയിൽ വിശ്വമാതൃകകൾ സൃഷ്ടിച്ചവയാണ് ടോൾസ്റ്റോയിയുടെ Textരചനകൾ.  വിഖ്യാത റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്‌റ്റോയ് പടിഞ്ഞാറന്‍ റഷ്യയിലെ യാസ്‌നയ പോല്യാനയില്‍ 1828 സെപ്റ്റംബര്‍ 9-ന് ജനിച്ചു. അഞ്ചു മക്കളില്‍ നാലാമതായി ജനിച്ച അദ്ദേഹത്തിന്റെ അമ്മയും അച്ഛനും ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു.

കസാന്‍ സര്‍വകലാശാലയില്‍ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. 1851-ല്‍ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു.

1854-55 കാലഘട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോള്‍സ്‌റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. യുദ്ധവും സമാധാനവും, അന്നാ കരിനീന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി.

82-ാമത്തെ വയസില്‍ വിശ്വാസങ്ങള്‍ക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്‌നിയ പോല്യാനയില്‍ നിന്ന് 80 മൈല്‍ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്‌റ്റേഷന്‍ വരെയേ എത്താനായുള്ളൂ. ന്യൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്‌റ്റേഷന്‍ മാസ്റ്ററുടെ വസതിയില്‍ 1910 നവംബര്‍ ഇരുപതാം തീയതി അന്തരിച്ചു.

ലിയോ ടോള്‍സ്‌റ്റോയിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.