കാരൂര്‍ നീലകണ്ഠപ്പിള്ള; മലയാള ചെറുകഥാരംഗത്തെ കുലപതി
സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്. കാരൂര്‍കഥകളുടെ മഹത്ത്വത്തിന്റെ കാരണം അവയില്‍ കാണുന്ന അച്ചടക്കമാണ്. ഒരദ്ധ്യാപകന്‍ എന്ന നിലയ്ക്ക് കാരൂര്‍ എത്രത്തോളം അച്ചടക്കം ക്ലാസുമുറികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നു എന്നറിഞ്ഞുകൂടാ. ആവശ്യത്തിലേറെ തന്റെ വാക്കുകള്‍ കഥയുടെ ഫ്രെയിംവര്‍ക്കിനകത്തിരുന്നു കലപിലകൂട്ടരുത് എന്ന് അദ്ദേഹത്തിനു നിര്‍ബന്ധ മുണ്ടായിരുന്നു. സാഹിത്യകാരന്‍ രചനയിലേര്‍പ്പെടുമ്പോള്‍ എന്നും പാലിക്കേണ്ട ചില അച്ചടക്കങ്ങള്‍ ഉണ്ട്. പാശ്ചാത്യമോ പൗരസ്ത്യമോ ആയ ഒരു സിദ്ധാന്തവും പഠിച്ചിട്ടാവില്ല, സര്‍ഗ്ഗാത്മകപ്രവര്‍ത്ത നത്തിന്റെ സ്വാഭാവിക വികാസത്തിനിടയ്ക്കു തന്നെ കാരൂര്‍ സ്വയം അനുശാസിച്ചതാണ് അച്ചടക്കം.
1898 ഫെബ്രുവരി 22ന് കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ പാലമ്പപടത്തില്‍ നീലകണ്ഠപ്പിള്ളയുടെയും കാരൂര്‍ വീട്ടില്‍ കുഞ്ഞീലിയമ്മയുടെയും മകനായി കാരൂര്‍ നീലകണ്ഠപ്പിള്ള ജനിച്ചു. വെച്ചൂര്‍ സ്‌കൂളിലും ഏറ്റുമാനൂര്‍ സ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ഉടന്‍ അദ്ദേഹത്തിന് കടപ്പൂരുള്ള പള്ളിവക സ്‌കൂളില്‍ ജോലികിട്ടി. അദ്ദേഹം ആ ജോലി വേണ്ടെന്നു വച്ചു.
വൈകാതെ തന്നെ അദ്ദേഹത്തിന് പോത്താനിക്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകജോലി ലഭിച്ചു. വാധ്യാര്‍ക്കഥകള്‍ രചിക്കുന്നതിന് പ്രചോദകമായ ജീവിതം ഇവിടെ നിന്നാണ് അദ്ദേഹം ആരംഭിച്ചത്. തുടര്‍ന്ന് ഏറ്റുമാനൂര്‍, കാണക്കാരി, വെമ്പള്ളി, പേരൂര്‍ എന്നിവടങ്ങളില്‍ അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു.
കാരൂരിന്റെ ബാലകഥകള്‍, മേല്‍വിലാസം, കൊച്ചനുജത്തി, ഇരുട്ടില്‍, തൂപ്പുകാരന്‍, ഗൃഹനായിക, പൂവന്‍പഴം, തേക്കുപാട്ട്, കഥയല്ല, സ്മാരകം, ഒരുപിടി മണ്ണ്, കരയിക്കുന്ന ചിരി, അമ്പലപ്പറമ്പില്‍, പിശാചിന്റെ കുപ്പായം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1959-ല്‍ ‘ആനക്കാരന്‍’ എന്ന ബാലസാഹിത്യകൃതിക്കും 1968-ല്‍ ‘മോതിരം’ എന്ന ചെറുകഥാസമാഹാരത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1975 സെപ്റ്റംബര്‍ 30-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.