DCBOOKS
Malayalam News Literature Website

ഓര്‍മ്മയില്‍ നോവലിസ്റ്റ് കെ സുരേന്ദ്രന്‍

പ്രബന്ധരചനയിലൂടെ കടന്നുവന്ന് മലയാളത്തിലെ പ്രസിദ്ധ നോവലിസ്റ്റ് പദവിയിലെത്തിയ വ്യക്തി

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടകകൃത്തുമായിരുന്ന കെ. സുരേന്ദ്രന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. പ്രബന്ധരചനയിലൂടെ കടന്നുവന്ന് മലയാളത്തിലെ പ്രസിദ്ധ നോവലിസ്റ്റ് പദവിയിലെത്തിയ വ്യക്തിയാണ് അദ്ദേഹം.

1922 ഫെബ്രുവരി 22ന് ഓച്ചിറയില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം കുറച്ചുകാലം ടെലിഫോണ്‍സ് വകുപ്പില്‍ ജോലിനോക്കി. പിന്നീട് ജോലി രാജിവെച്ച് മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. സാഹിത്യപ്രവര്‍ത്തകസഹകരണസംഘം പ്രസിഡണ്ടായിരുന്നിട്ടുണ്ട്.

പ്രബന്ധരചനയിലൂടെയാണ് സുരേന്ദ്രന്‍ സാഹിത്യ ലോകത്തേക്കു കടന്നുവരുന്നത്. ചാപ്ലിനെപ്പറ്റി വന്ന ഒരു ഇംഗ്ലീഷ് ലേഖനത്തിന്റെ പരിഭാഷയാണ് പ്രസിദ്ധീകൃതമായ ആദ്യരചന. മിസ്സിസ് സരോജ്കുമാര്‍ എന്ന പേരിലായിരുന്നു അത് പ്രസിദ്ധീകരിച്ചത്. ‘ശക്തിയും സൗന്ദര്യവും’ എന്ന ഏകാങ്കനാടകവും ബാലന്‍, ജ്ഞാനാംബിക എന്നീ സിനിമകളുടെ നിരൂപണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ േ്രപമസാഗരത്തിന്റെ പരിഭാഷയാണ് പ്രസിദ്ധീകൃതമായ ആദ്യകൃതി. താളം, കാട്ടുകുരങ്ങ് സീമ, ശക്തി, മായ, ദേവി, സുജാത, അരുണ, ഗുരു, ദീപസ്തംഭം, മരണം ദുര്‍ബ്ബലം, പതാക കരുണാലയം, സീതായനം, ക്ഷണപ്രഭാചഞ്ചലം, വിശ്രമത്താവളം തുടങ്ങി നിരവധി നോവലുകള്‍ സുരേന്ദ്രന്‍ രചിച്ചിട്ടുണ്ട്.

കലയും സാമാന്യജനങ്ങളും, നോവല്‍സ്വരൂപം, സൃഷ്ടിയും നിരൂപണവും തുടങ്ങിയ പഠനഗ്രന്ഥങ്ങളും ടോള്‍സ്‌റ്റോയിയുടെ കഥ, ദസ്തയേവ്‌സ്‌കിയുടെ കഥ, കുമാരനാശാന്‍ എന്നീ ജീവചരിത്രകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ നാടകങ്ങളാണ് ബലി, അരക്കില്ലം, പളുങ്കു പാത്രം, പാനപാത്രത്തിലെ കൊടുങ്കാറ്റ് എന്നിവ. ആത്മകഥാപരമായി എഴുതപ്പെട്ട ഗ്രന്ഥമാണ് ജീവിതവും ഞാനും. 1962ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും (മായ) 1994ല്‍ വയലാര്‍ പുരസ്‌കാരവും (ഗുരു) ലഭിച്ചു. 1997 ആഗസ്റ്റ് 9ന് അന്തരിച്ചു.

 

Comments are closed.