കെ. ആര്‍. നാരായണന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയും മലയാളിയുമായിരുന്നു കെ.ആര്‍ നാരായണന്‍. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നാരായണന്‍, പിന്നോക്ക സമുദായത്തില്‍നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്.
1921 ഫെബ്രുവരി നാലിന് കോട്ടയം ജില്ലയിലെ ഉഴവൂരിനടുത്ത് പെരുംതാനത്തായിരുന്നു കെ.ആര്‍ നാരായണന്റെ ജനനം. ആദ്യകാല വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവര്‍ത്തകനായി ജോലി നോക്കിയെങ്കിലും, പിന്നീട് രാഷ്ട്രീയം പഠിക്കുവാന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്നു. അതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാരായണന്‍ നെഹ്രു സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പില്‍ ജോലി നോക്കി. ജപ്പാന്‍, ഇംഗ്ലണ്ട്, തായ്‌ലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞന്‍ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരം നാരായണന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടര്‍ച്ചയായി ലോകസഭയിലേക്ക് വിജയിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു. 1992 ല്‍ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ല്‍ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണജൂബിലി വേളയില്‍ കെ.ആര്‍.നാരായണന്‍ ആയിരുന്നു രാഷ്ട്രപതി. 2005 നവംബര്‍ 9-ന് കെ.ആര്‍.നാരായണന്‍ അന്തരിച്ചു.
Comments are closed.