DCBOOKS
Malayalam News Literature Website

കെ.കേളപ്പന്റെ ചരമവാര്‍ഷികദിനം

കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനുമായ കെ. കേളപ്പന്‍ 1889 ഓഗസ്റ്റ് 24-ന് കോഴിക്കോട് ജില്ലയിലെ മൂടാടിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. കോഴിക്കോടും മദ്രാസിലുമായി കലാലയ ജീവിതം പൂര്‍ത്തിയാക്കിയ അദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി സ്‌കൂളില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ കാലഘട്ടത്തിലാണ് മന്നത്ത് പത്മനാഭനുമായി പരിചയപ്പെടുന്നത്. ഇതിലൂടെ അദ്ദേഹം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക അംഗമായി.

വക്കീല്‍ ഗുമസ്തനായ അച്ഛന്റെ അഭിലാഷം മകനെ വക്കീലാക്കുക എന്നതായിരുന്നതിനാല്‍ ബോംബെയില്‍ തൊഴില്‍ജീവിതം നയിച്ച് നിയമപഠനം നടത്തി. ഇക്കാലത്താണ് ഗാന്ധിജിയുടെ ആഹ്വാനത്താല്‍ പ്രചോദിതനായി പഠനമുപേക്ഷിച്ച് ദേശീയ വിമോചനസമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആദ്യത്തെ കേരളീയനായിരുന്നു കേളപ്പന്‍. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. 1932-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് അദ്ദേഹം ഗുരുവായൂരിലെ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. കേരള സര്‍വോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സര്‍വോദയ മണ്ഡല്‍, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷന്‍ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയന്‍ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1971 ഒക്ടോബര്‍ 7-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.