DCBOOKS
Malayalam News Literature Website

ഗുട്ടന്‍ബെര്‍ഗിന്റെ ചരമവാര്‍ഷികദിനം

ലോകത്തെ മാറ്റിമറിച്ച അച്ചടിയുടെ കണ്ടുപിടുത്തത്തിലൂടെ ചരിത്രത്തില്‍ ഇടംനേടിയ വ്യക്തിയാണ് ജോഹന്നാസ് ഗുട്ടന്‍ബെര്‍ഗ്. ജര്‍മ്മനിയിലെ മെയ്ന്‍സിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.ആദ്യകാല ജീവിതത്തെ കുറിച്ച വ്യക്തമായ രേഖപെടുത്തലുകളില്ല. ജോഹന്‍ ഫുസ്റ്റ് എന്നയാളുമായി പങ്കാളിത്ത വ്യവസ്ഥയിലാണ് ഗുട്ടെന്‍ബെര്‍ഗ് അച്ചടി വ്യാപാരമാരംഭിക്കുന്നത്. നിരന്തരമായ പരീക്ഷണങ്ങളിലൂടെ 1456-ല്‍ അദ്ദേഹം ആദ്യത്തെ അച്ചടിച്ച ബൈബിള്‍ പുറത്തിറക്കി. ഒരോ പേജിലും രണ്ടു കോളങ്ങളിലായി 42 വരികള്‍ വീതം ലാറ്റിനില്‍ അച്ചടിച്ച ഈ ബൈബിള്‍ ‘ഗുട്ടന്‍ബെര്‍ഗ് ബൈബിള്‍’ എന്നാണ് അറിയപ്പെടുന്നത്.

ജംഗമാച്ചുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള അച്ചടി കണ്ടുപിടിച്ചത് ഗുട്ടന്‍ബെര്‍ഗാണ്. ചൈനക്കാര്‍ മര അച്ചുകള്‍കൊണ്ട് അച്ചടി നടത്തിയിരുന്നുവെങ്കിലും ഗുട്ടെന്‍ബെര്‍ഗിന്റെ സങ്കേതത്തിലൂടെയാണ് അച്ചടി ലോകവ്യാപകമായത്. മാറ്റി ഉപയോഗിക്കാവുന്ന അച്ച് ഉപയോഗിച്ച് അച്ചടി നടത്തിയ ആദ്യ യൂറോപ്യനാണ് ഗുട്ടന്‍ബര്‍ഗ്. മാറ്റി ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടെ അച്ചുകള്‍ ഒരുമിച്ച് ധാരാളമായി ഉണ്ടാക്കുക, എണ്ണയില്‍ ലയിപ്പിച്ച മഷി ഉപയോഗിക്കുക, മരം കൊണ്ടുണ്ടാക്കിയ ചട്ടക്കൂടുകള്‍ അച്ചടിക്കായി ഉപയോഗിക്കുക എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍.

ഈ മൂന്നു സംവിധാനങ്ങളും ഒരുമിച്ചു ചേര്‍ത്ത് അച്ചടിച്ച പുസ്തകങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ പുറത്തിറക്കുക എന്നതായിരുന്നു ലോകചരിത്രത്തെ മാറ്റിമറിച്ച സംഭവം. ഈ സംവിധാനം പുസ്തകമിറക്കല്‍ അച്ചടിക്കാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ലാഭകരമായ ഏര്‍പ്പാടാക്കി മാറ്റി. അച്ചിനായുള്ള പ്രത്യേക ലോഹക്കൂട്ടും കൈകൊണ്ടുപയോഗിക്കാവുന്ന മൂശയും ഉപയോഗിച്ചാണ് ഇദ്ദേഹം അച്ചുകള്‍ ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു.

യൂറോപ്പില്‍ ഗുട്ടന്‍ബര്‍ഗിന്റെ കണ്ടുപിടുത്തത്തിനു മുന്‍പ് പുസ്തകങ്ങള്‍ കൈകൊണ്ട് എഴുതിയായിരുന്നു തയ്യാറാക്കിയിരുന്നത്. ചിലപ്പോള്‍ മരത്തില്‍ കൊത്തിയെടുക്കുന്ന അച്ചുപയോഗിച്ചും പുസ്തകങ്ങള്‍ അച്ചടിക്കപ്പെട്ടിരുന്നു. യൂറോപ്പിലെ പുസ്തകപ്രസാധനരംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഈ കണ്ടുപിടുത്തം കാരണമുണ്ടായത്. ഈ സാങ്കേതികവിദ്യ യൂറോപ്പിലാകമാനം അതിവേഗം പടര്‍ന്നു. പിന്നീട് ലോകവ്യാപകമാവുകയായിരുന്നു.1468 ഫെബ്രുവരി മൂന്നിന് ഗുട്ടന്‍ബെര്‍ഗ് അന്തരിച്ചു.

Comments are closed.