ഓര്‍മ്മയില്‍ ജവഹർലാൽ നെഹ്‌റു
ഇന്ന് ജവഹർലാൽ നെഹ്‌റു എന്ന രാഷ്ട്രീയ നേതാവിന്റെ, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുടെ ചരമദിനമാണ്. 1964-ൽ തന്റെ എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. കുഞ്ഞുങ്ങളോടുള്ള സവിശേഷ വാത്സല്യം നിമിത്തം പലർക്കും അദ്ദേഹം ചാച്ചാ നെഹ്‌റു ആയിരുന്നു. അദ്ദേഹത്തിന്‍റെ ജനമദിനം ശീശുദിനമായി രാജ്യമെങ്ങും ആഘോഷിക്കുന്നു.നവംബര്‍ 14ന്.
1889 നവംബർ 14-ന് അലഹാബാദിൽ മോത്തിലാൽ നെഹ്റുവിന്റെയും സ്വരൂപ് റാണിയുടെയും മകനായി ജവാഹർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം യുറോപ്യൻ അധ്യാപകരുടെ ശിക്ഷണത്തിലാണ് ജവാഹറിന് ലഭിച്ചത്. ഉന്നതവിദ്യാഭ്യാസം നേടാൻ ഇംഗ്ലണ്ടി ലേക്കുപോയ ജവാഹർ, ഹാരോവിലെ പബ്ലിക് സ്കൂളിൽ ചേർന്നു. തുടർന്ന് കേംബ്രിജ് സർവകലാശാലയിൽനിന്ന് കെമിസ്ട്രി, ജിയോളജി, ബോട്ടണി എന്നിവയിൽ ബിരുദം നേടി.
ഏഴുകൊല്ലം ഇംഗ്ലണ്ടിൽ പഠിച്ചശേഷം 1912- ൽ ജവാഹർ ഇന്ത്യയിൽ തിരിച്ചെത്തി. അലഹാബാദ് ഹൈക്കോടതിയിൽ ബാരിസ്റ്ററായി പ്രാക്ടീസ് ആരംഭിച്ചുവെങ്കിലും ഇന്ത്യയിലാരംഭിച്ച ഹോംറൂൾ പ്രസ്ഥാനം, ബ്രിട്ടീഷ് സാമ്രാജ്യശക്തിയുടെ മർദനനയം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ നെഹ്റുവിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആനയിച്ചു. ഗാന്ധിജിയുടെ റൗലറ്റ് വിരുദ്ധസമരം അദ്ദേഹത്തെ ആവേശഭരിതനാക്കി. സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നെഹ്റു പല പ്രാവശ്യം ജയിലിൽ കിടന്നു.
ഗ്രന്ഥകാരൻ, സ്വതന്ത്രചിന്തകൻ, മനുഷ്യസ്നേഹി എന്നീ നിലകളിൽ നെഹ്റു അതുല്യനാണ്. തൂലികയെ പടവാളാക്കിയ നെഹ്റുവിന്റെ സ്വതന്ത്രചിന്തയെ ചങ്ങലക്കിടാൻ സൂര്യനസ്തമിക്കാത്ത സാമ്രാജ്യശക്തിക്ക് കഴിഞ്ഞില്ല. “ആത്മകഥ’, “വിശ്വചരിത്രാവലോകനം’, “ഇന്ത്യയെ കണ്ടെത്തൽ’ എന്നീ പ്രസിദ്ധകൃതികൾ ജയിലിൽവെച്ചാണ് നെഹ്റു രചിച്ചത്.
Comments are closed.