DCBOOKS
Malayalam News Literature Website

ഇന്ദിരാ ഗാന്ധിയുടെ ചരമവാര്‍ഷികദിനം

ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമലാ നെഹ്രുവിന്റേയും മകളായി 1917 നവംബര്‍ 19-നാണ് ഇന്ദിരാ ഗാന്ധി ജനിച്ചത്. ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1933-ല്‍ പൂനെയിലെ പ്യൂപ്പിള്‍സ് ഓണ്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1936-ല്‍ ഇന്ദിര, ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. എന്നാല്‍ ഓക്‌സ്ഫഡിലെ പഠനം പൂര്‍ത്തിയാക്കാന്‍ ഇന്ദിരക്കു കഴിഞ്ഞില്ല. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിനു തൊട്ടുമുന്‍പായി ഫിറോസിനെ ഇന്ദിര വിവാഹം ചെയ്തു.

1959-60 കാലഘട്ടത്തില്‍ ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ നെഹ്രുവിന്റെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി തന്റെ മന്ത്രിസഭയില്‍ ഇന്ദിരയെ വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പ് മന്ത്രിയായി നിയമിച്ചു. ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി സ്ഥാനമേറ്റു.

1966-77 കാലഘട്ടത്തിലും, പിന്നീട് 1980 മുതല്‍ മരണം വരെയും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന നടപടിയുടെ പരിണതഫലമായി 31-ന് ഒക്ടോബര്‍ 1984-ന് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ദാരുണാന്ത്യം.

Comments are closed.