DCBOOKS
Malayalam News Literature Website

ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ചരമവാര്‍ഷികദിനം

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു  ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡന്‍സിയുടെ വിവിധഭാഗങ്ങളില്‍ മതപ്രചരണ സംബന്ധമായ ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബര്‍ 7നു് ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി.

തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥന്‍മാരാണ്. താന്‍ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥന്‍മാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടര്‍ട്ട് മലയാള ഭാഷയില്‍ പ്രാവീണ്യം നേടിയത്.

താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്‌കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസല്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്‌കൂള്‍ ഇന്‍സ്‌പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരായിരം പഴഞ്ചൊല്‍ എന്ന പഴഞ്ചൊല്‍ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്. മലയാളം- ഇംഗ്ലീഷ് നിഘണ്ടു, മലയാള ഭാഷാവ്യാകരണം, കേരളോല്‍പ്പത്തി, കേരളപ്പഴമ, വജ്രസൂചി തുടങ്ങി നിരവധി കൃതികള്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ജര്‍മ്മനിയിലെ കാല്‍വ് നഗരത്തില്‍ വച്ച് 1893ഏപ്രില്‍ 25-നായിരുന്നു ഗുണ്ടര്‍ട്ടിന്റെ അന്ത്യം. സാഹിത്യ നോബല്‍ ജേതാവായ ഹെര്‍മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്റെ മകള്‍ മേരിയുടെ മകനാണ്.

Comments are closed.