DCBOOKS
Malayalam News Literature Website

ഇഎംഎസിന്റെ ചരമവാര്‍ഷികദിനം

കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ ഇ എം എസ് ശങ്കരന്‍ നമ്പൂതിരിപ്പാട് 1909 ജൂണ്‍ 14ന് പെരിന്തല്‍മണ്ണയ്ക്കു സമീപം ഏലംകുളം മനയ്ക്കല്‍ ജനിച്ചു. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. യോഗക്ഷേമസഭയുടെ യുവജനവിഭാഗത്തിന്റെ നേതാവായി. നിയമലംഘനത്തില്‍ പങ്കെടുത്ത ഇഎംഎസ് 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിലും പ്രധാനപങ്കുവഹിച്ചു.

ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ സാരഥിയും ഇദ്ദേഹമായിരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎം നേതാവായി. 1967ല്‍ രണ്ടാംവട്ടവും മുഖ്യമന്ത്രിയായി. നല്ലൊരു ചിത്രകാരനും സാഹിത്യകാരനും കൂടിയാണ് ഇഎംഎസ്. കേരളം മലയാളികളുടെ മാതൃഭൂമി, ഗാന്ധിയും ഗാന്ധിസവും, ഇന്ത്യാചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം തുടങ്ങിയവ ഇദ്ദേഹത്തിന്റെ രചനകളാണ്. ആശയങ്ങള്‍ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തില്‍ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശില്‍പികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ മുന്‍നിരക്കാരിലൊരാള്‍ കൂടിയായിരുന്ന ഇ.എം.എസ്സ് 1998 മാര്‍ച്ച് 19ന് തന്റെ 89ആം വയസ്സില്‍ അന്തരിച്ചു.

Comments are closed.