ഡോ.എം. ബാലമുരളീകൃഷ്ണയുടെ ചരമവാര്‍ഷികദിനം
പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനും പിന്നണി ഗായകനും അഭിനേതാവുമായിരുന്നു ഡോ.എം ബാലമുരളീകൃഷ്ണ. ഭാരതീയ കലകള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഭാരതസര്‍ക്കാര്‍ ബാലമുരളീകൃഷ്ണക്ക് രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ പരമോന്നതബഹുമതിയായ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 2005-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തിനു ഷെവലിയര്‍ പട്ടം നല്‍കി ആദരിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്തം എന്ന സ്ഥലത്ത് 1930 ജൂലൈ ആറിനായിരുന്നു ബാലമുരളീകൃഷ്ണയുടെ ജനനം. വളരെ ചെറിയ പ്രായത്തില്‍ തന്നെ ബാലമുരളീകൃഷ്ണ കര്‍ണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങളായ 72 മേളകര്‍ത്താരാഗങ്ങളിലും അതീവപ്രാവീണ്യം നേടി. ഈ രാഗങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം കൃതികളും സംവിധാനം ചെയ്തു. കര്‍ണ്ണാടക സംഗീതജ്ഞന്‍ എന്നതിലുപരി മൃദംഗം, ഗഞ്ചിറ എന്നീ വാദ്യങ്ങളുപയോഗിക്കുന്നതിലും അദ്ദേഹം കഴിവു തെളിയിച്ചിരുന്നു.
ലോകത്തിലങ്ങോളമിങ്ങോളമായി അദ്ദേഹം 25,000 കച്ചേരികള്‍ നടത്തിയിട്ടുണ്ട്. പണ്ഡിറ്റ് ഭീംസെന്‍ ജോഷിയോടൊപ്പവും ഹരിപ്രസാദ് ചൗരാസ്യക്കൊപ്പവും സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ ചലച്ചിത്രങ്ങള്‍ക്കായി നാനൂറിലധികം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. 1967-ല്‍ എ.വി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഭക്തപ്രഹ്ലാദ എന്ന ചലച്ചിത്രത്തില്‍ നാരദന്റെ വേഷം അവതരിപ്പിച്ച് അദ്ദേഹം വെള്ളിത്തിരയിലുമെത്തി. അതിനുശേഷം അദ്ദേഹം നിരവധി ചലച്ചിത്രങ്ങളില്‍ വേഷമിട്ടു. പി.ജി. വിശ്വംഭരന്റെ സംവിധാനത്തില്‍ 1984-ല്‍ പുറത്തിറങ്ങിയ സന്ധ്യക്കെന്തിനു സിന്ദൂരം എന്ന മലയാളം ചലച്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്‌കാരം, മികച്ച സംഗീതസംവിധായകന്‍, മികച്ച പിന്നണി സംഗീതം എന്നീ മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ ഏക കര്‍ണാടക സംഗീതജ്ഞന്‍ ബാലമുരളീകൃഷ്ണയാണ്. രാജ്യത്തെ ഏഴു പ്രദേശങ്ങളിലെ ആകാശവാണി നിലയങ്ങളിലെ ‘ടോപ്പ് ഗ്രേഡ്’ കലാകാരനായും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങളും ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് ഗവണ്‍മെന്റ് നല്‍കുന്ന ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് നേടിയ ഏക കര്‍ണാടകസംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്. 2016 നവംബര്‍ 22ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു ബാലമുരളീകൃഷ്ണയുടെ അന്ത്യം.
Comments are closed.