DCBOOKS
Malayalam News Literature Website

കെ.എം. തരകന്റെ ചരമവാര്‍ഷിക ദിനം

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായിരുന്നു ഡോ. കെ എം തരകന്‍. 1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെയുള്ള നിരവധി കൃതികള്‍ ലഭിച്ചിട്ടുണ്ട്.

മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്റെയും മറിയാമ്മ തരകന്റെയും മകനായി 1930-ല്‍ പുത്തന്‍കാവിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1952 മുതല്‍ 1959 വരെ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അദ്ധ്യാപകനായും 1959 മുതല്‍ 1979 വരെ കോതമംഗലം മാര്‍ അത്താനേഷ്യസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ 1971-ല്‍ അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് തിയോളജിക്കല്‍ കോളേജില്‍ വേദശാസ്ത്രം, സംസ്‌കാരം എന്നിവയില്‍ ഉപരിപഠനം നടത്തി.

1979 മുതല്‍ 1988 വരെ മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെയും ഭാഷാപോഷിണിയുടെയും പത്രാധിപരായിരുന്നു. 1991-ല്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി. 2003 ജൂലൈ 15ന് അന്തരിച്ചു.

മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടനേകം കൃതികള്‍ കെ.എം. തരകന്‍ രചിച്ചിട്ടുണ്ട്. ഇതിനു പുറമേ ചില കൃതികള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും മറ്റു ചിലവ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

പാശ്ചാത്യനോവല്‍ സാഹിത്യ ചരിത്രം, മലയാള നോവല്‍ സാഹിത്യ ചരിത്രം, ആധുനിക നോവല്‍ ദര്‍ശനം, അനശ്വരനായ ഉറൂബ്, ആധുനിക സാഹിത്യ ദര്‍ശനം, മഗ്ദലനമറിയം ഒരു മുക്തിഗാഥ, ഉത്തരാധുനികതയും മറ്റും എന്നീ ഗദ്യകൃതികളും അവളാണു ഭാര്യ, നിനക്കായ് മാത്രം, ഓര്‍മ്മകളുടെ രാത്രി എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.

Comments are closed.