DCBOOKS
Malayalam News Literature Website

ലോഹിതദാസിന്റെ ചരമവാര്‍ഷികദിനം

A. K. Lohithadas

മലയാള സിനിമയുടെ രീതിശാസ്ത്രങ്ങളെ മാറ്റിയെഴുതിയ അതുല്യസംവിധായകനായിരുന്നു ലോഹിതദാസ്. ആശയഗംഭീരമായ സിനിമകളിലൂടെ തനിയാവര്‍ത്തനമില്ലാതെ സ്വന്തം സ്ഥാനം ഉറപ്പിച്ച സംവിധായകന്‍. സിനിമ സംവിധായകന്റെ കലയാണെന്ന് തോന്നുംവിധം കൈയ്യൊപ്പു പതിപ്പിച്ച ബഹുമുഖപ്രതിഭ.

ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.

ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് ലോഹിതദാസ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ സാഹിത്യത്തില്‍ ശ്രദ്ധേയനാകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ല്‍ നാടകരചന നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ‘കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്’ എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു ആദ്യ നാടകരചന. ‘സിന്ധു ശാന്തമായൊഴുകുന്നു’ ആയിരുന്നു ആദ്യ നാടകം. ഈ നാടകത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവര്‍ തുടങ്ങിയ നാടകങ്ങളും എഴുതി.

നാടകത്തിന്റെ സാമ്പത്തികവിജയവും നിരൂപകശ്രദ്ധയും കൊണ്ട് ശ്രദ്ധേയനായ ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് നയിച്ചത് തിലകനാണ്. 1987 -ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് മലയാളസിനിമാരംഗത്ത് പ്രവേശിച്ചു. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാളചലച്ചിത്രലോകത്ത് പുതിയൊരനുഭവമായിരുന്നു. ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍നിന്ന് പിന്നീടും ഒട്ടേറെ പ്രശസ്തമായ മലയാളചലച്ചിത്രങ്ങള്‍ പിറവികൊണ്ടു.

1997-ല്‍ ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. കാരുണ്യം, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങള്‍ ലോഹിതദാസ് എന്ന സംവിധായകപ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞവയാണ്. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണ് താരം, സ്‌റ്റോപ് വയലന്‍സ് തുടങ്ങിയ ചില ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. 2009 ജൂണ്‍ 28-ന് ആലുവയിലെ വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Comments are closed.