DCBOOKS
Malayalam News Literature Website

ചെമ്പകരാമന്‍ പിള്ളയുടെ ചരമവാര്‍ഷികദിനം

1891 സെപ്റ്റംബര്‍ 15ന് തിരുവനന്തപുരത്തു ജനനം. ഇപ്പോള്‍ ഏജീസ്സ് ഓഫീസ്സ് ഇരിക്കുന്ന സ്ഥലത്തായിരുന്നു വീട്. പോലീസ് കോണ്‍സ്റ്റബിള്‍ ചിന്നസ്വാമിപിള്ള നാഗമ്മാള്‍ എന്ന വെള്ളാള ദമ്പതികളുടെ മകന്‍. ഗാന്ധാരി അമ്മന്‍കോവിലിനടുത്തുള്ള സ്‌കൂളിലായിരുന്നു പഠനം. സ്ട്രിക്ള്‍ലാണ്ട് എന്ന യൂറോപ്യനുമായി പരിചയത്തിലായി. 1907 ല് അദ്ദേഹം മടങ്ങിയപ്പോല്‍ ചെമ്പകരാമനേയും കൂടെ കൊണ്ടുപോയി. അവിടെ ഉന്നത പഠനം നടത്തി. ഇറ്റലിയിലും ജര്‍മ്മനിയിലും ഉപരിപഠനം നടത്തി.

ബര്‍ലിനിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ചു.വീരേന്ദ്രനാഥ ചതോപാദ്യായ, ലാലാ ഹര്‍ദയാല്‍, ഭൂപേന്ദ്ര നാഥ ദത്ത്, ഡോ പ്രഭാകര്‍, ഏ.സി.നമ്പ്യാര്‍ എന്നിവരോടൊപ്പം ഇന്ത്യന്‍ ഇന്‍ഡിപെണ്ടന്‍സ് കമ്മറ്റി രൂപവല്‍ക്കരിച്ചു. ഒന്നാം ലോകമഹായുധകാലത്ത് ബ്രിട്ടനെ തോല്‍പ്പിക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളില്‍ പിള്ള ഏര്‍പ്പെട്ടു. സൂറിച്ചില്‍ നിന്നും പ്രോ ഇന്ത്യ എന്നൊരു പത്രം തുടങ്ങി. ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ എംഡന്‍ എന്ന മുങ്ങിക്കപ്പലില്‍ ചെമ്പകരാമനും ഉണ്ടായിരുന്നു. 1914 സെപ്റ്റംബര്‍ 22ന് എംഡന്‍ മദ്രാസ്സില്‍ ഷെല്‍ വര്‍ഷിച്ചു.

1919 ല് കാബൂളില്‍ വിപ്ലവകാരികള്‍ സ്ഥാപിച്ച സ്വതന്ത്ര ഭാരത സര്‍ക്കാന്റെ പ്രസിഡന്റ് ഡോ. രാജ മഹേന്ദ്ര പ്രസാദും പ്രധാനമന്ത്രി ബര്‍കത്തുള്ളയും വിദേശകാര്യ മന്ത്രി ചെമ്പകരാമനും ആയിരുന്നു. സര്‍ദാര്‍ കെ.എം പണിക്കര്‍, എം.എന്‍ റോയ്,ജവഹര്‍ലാല്‍ നെഹ്രു എന്നിവര്‍ ജര്‍മ്മനിയില്‍ ചെമ്പരാമന്‍പിള്ളയുടെ അതിഥികളായെത്തിയിരുന്നു. 1923ല്‍ കെനിയയിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യസമരത്തെ അനുകൂലിക്കുന്നതിനുവേണ്ടി ബര്‍ലിനില്‍ പൊതുസമ്മേളനം വിളിച്ചുകൂട്ടി. 1924 ല് ഭാരതത്തില്‍ നിന്നുള്ള കൗതുക വസ്തുക്കളുടെ ഒരു പ്രദര്‍ശനം യൂറോപ്പില്‍ സംഘടിപ്പിച്ചു.

ലീഗ് ഓഫ് ഒപ്രസ്ഡ് നേഷന്‍സ് എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. 1933 ല് സുഭാഷ് ബോസ്സുമായി ബന്ധപ്പെട്ടു. ആസാദ് ഹിന്ദു ഗവേണ്‍മന്റ് അങ്ങനെയാണു രൂപമെടുക്കുന്നത്. യൂറോപ്പിലെത്തിയ മണിപ്പൂര്‍ കാരി ലക്ഷിഭായി ആയിരുന്നു ഭാര്യ.1933ല് രോഗാതുരനായി നാസികളില്‍ നിന്നും നിരവധി ഉപദ്രവങ്ങള്‍ നേരിട്ടു. അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. 1934 മെയ് 26 ന് പ്രഷ്യന്‍ ഹോസ്പിറ്റലില്‍ വച്ചു അന്തരിച്ചു. ഇന്ത്യന്‍ പതാക പാറുന്ന കപ്പലില്‍ നാടിലേക്കു മടങ്ങണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ജീവിതകാലത്തു സാധിച്ചില്ല.

1935 ല്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം ഭാര്യ മുംബയില്‍ കൊണ്ടു വന്നു. 1966 സെപ്റ്റംബര്‍ 19ന്‍ഭ ഐ.എന്‍.എസ്. ഡല്‍ഹി എന്ന യുദ്ധകപ്പലില്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം കേരളത്തില്‍ കൊണ്ടു വന്നു. 1966 ഒക്ടോബര്‍ 2ന് അത് കന്യകുമാരിയില്‍ ഒഴുക്കപ്പെട്ടു.

Comments are closed.