DCBOOKS
Malayalam News Literature Website

ചന്ദ്രശേഖര്‍ ആസാദിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ വിപ്ലവകാരികളില്‍ പ്രമുഖനായിരുന്ന ചന്ദ്രശേഖര്‍ ആസാദ് 1906 ജൂലൈ 23-ന് മദ്ധ്യപ്രദേശിലെ ത്സാബുവ ജില്ലയില്‍ ജനിച്ചു. പതിനാലാം വയസ്സില്‍ വീടിനു തൊട്ടടുത്തുള്ള ഒരു ഗ്രാമീണപാഠശാലയിലായിരുന്നു ചന്ദ്രശേഖറിന്റെ പ്രാഥമിക വിദ്യാഭ്യാസം. പഠിക്കാനായി കാശിയില്‍ താമസിക്കുന്ന കാലത്ത് നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ടു. ആ കോടതിമുറിയില്‍ വച്ചാണ് അദ്ദേഹത്തിന് ‘ആസാദ്’ എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖര്‍ തിവാരി, ചന്ദ്രശേഖര്‍ ആസാദ് എന്നറിയപ്പെടാന്‍ തുടങ്ങി.

നിസ്സഹകരണപ്രസ്ഥാനത്തിലൂടെ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചേക്കും എന്ന് ചന്ദ്രശേഖര്‍ കരുതിയിരുന്നു. അക്കാലഘട്ടത്തിലാണ് ചൗരിചൗരാ സംഭവം നടക്കുന്നത്. ഈ സംഭവത്തില്‍ നിരാശനായി മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം പിന്‍വലിക്കുകയാണെന്നു പ്രഖ്യാപിച്ചു. ചന്ദ്രശേഖറെ ഏറെ നിരാശപ്പെടുത്തിയ ഒരു പ്രഖ്യാപനമായിരുന്നു അത്. വൈകാതെ തന്നെ സ്വാതന്ത്ര്യത്തിനുള്ള മാര്‍ഗ്ഗം വിപ്ലവത്തിലൂടെയാണെന്ന് മനസ്സിലാക്കി ആ വഴിയിലേക്കു തിരിഞ്ഞു.

ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസ്സിയേഷന്‍, നൗജവാന്‍ ഭാരത് സഭ, കീര്‍ത്തി കിസ്സാന്‍ പാര്‍ട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവുമായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27-ന് അലഹബാദിലെ ആല്‍ഫ്രെഡ് പാര്‍ക്കില്‍ വച്ച് ആസാദ് പൊലീസിനാല്‍ വളയപ്പെടുകയും തുടര്‍ന്നു നടന്ന വെടിവെപ്പില്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.

Comments are closed.