DCBOOKS
Malayalam News Literature Website

സി.കേശവന്റെ ചരമവാര്‍ഷിക ദിനം

തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനായിരുന്നു. എസ്.എന്‍.ഡി.പി. യോഗം സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവര്‍ത്തന പ്രക്ഷോഭം നടന്നത്. 1951 മുതല്‍ 1952 വരെ അദ്ദേഹം തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.

അദ്ദേഹം 1891 മെയ് 23നു കൊല്ലം ജില്ലയിലെ മയ്യനാടാണ് ജനനം. ഒരു നിരീശ്വരവാദിയായിരുന്ന സി. കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാള്‍ മാര്‍ക്‌സിന്റെയും ചിന്തകള്‍ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്‌നിച്ചു. എസ്.എന്‍.ഡി.പി. യുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വര്‍ഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13-ന് കോഴഞ്ചേരി എന്ന സ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സര്‍ക്കാര്‍ ജോലി തുടങ്ങിയ പൗരാവകാശങ്ങള്‍ ഈഴവര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കും നിഷേധിച്ചു സവര്‍ണഭരണം കാഴ്ചവെച്ച ദിവാനെതിരെ സര്‍ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് ഇദ്ദേഹം പ്രസംഗിച്ചു.

1938-ല്‍ കേശവന്‍, ടി.എം.വര്‍ഗ്ഗീസ്, പട്ടം താണുപിള്ള എന്നിവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്ത ഭരണത്തിനായി നടത്തിയ പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയില്‍ 1942-ല്‍ അദ്ദേഹം ഒരുവര്‍ഷത്തേയ്ക്ക് തടവില്‍ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19നു അദ്ദേഹം ജയില്‍ മോചിതനായി.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂര്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1952ല്‍ അദ്ദേഹം നീയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.

അദ്ദേഹത്തിന്റെ ആത്മകഥയായ ജീവിതസമരം ഏറെ പ്രശസ്തമാണ്.

Comments are closed.