DCBOOKS
Malayalam News Literature Website

സി.അച്യുതമേനോന്റെ ചരമവാര്‍ഷികദിനം

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്നു സി. അച്യുതമേനോന്‍. തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാളില്‍ 1913 ജനുവരി 13-ന് ജനിച്ചു. തൃശൂര്‍ സി.എം.എസ്. ഹൈസ്‌ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാര്‍ത്ഥി എന്ന നിലയില്‍ ഇദ്ദേഹം പ്രശസ്തനായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സുവര്‍ണ്ണമുദ്രകള്‍ നേടി. ഇന്റര്‍മീഡിയറ്റിനു റാങ്കും സ്‌കോളര്‍ഷിപ്പും സമ്പാദിച്ചു.ബി.എ.യ്ക്ക് മദിരാശി സര്‍വകലാശാലയില്‍ ഒന്നാമനായി ജയിച്ചു.

അഭിഭാഷകനായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തു. 1957-ല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ധനമന്ത്രിയായി. 1968-ല്‍ രാജ്യസഭാംഗമായി. 1969 നവംബര്‍ 1 മുതല്‍ 1970 ഓഗസ്റ്റ് വരെയും 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 22 വരെയും കേരള മുഖ്യമന്ത്രിയായി.

നല്ലൊരു സാഹിത്യകാരന്‍ കൂടിയായിരുന്നു സി. അച്യുതമേനോന്‍. എച്ച്. ജി. വെല്‍സിന്റെ ലോകചരിത്രസംഗ്രഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വായനയുടെ ഉതിര്‍മണികള്‍, സ്മരണയുടെ ഏടുകള്‍, കേരളം- പ്രശ്‌നങ്ങളും സാധ്യതകളും, സോവിയറ്റ് നാട്, കിസാന്‍ പാഠപുസ്തകം എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്. 1991 ഓഗസ്റ്റ് 16-ന് സി. അച്യുതമേനോന്‍ അന്തരിച്ചു.

Comments are closed.