DCBOOKS
Malayalam News Literature Website

പ്രൊഫ.ബി ഹൃദയകുമാരി; ഓര്‍മ്മകളിലെ വസന്തകാലം ബാക്കിയാക്കി വിടവാങ്ങിയ എഴുത്തുകാരി

എഴുത്തുകാരിയും പ്രഭാഷകയും, അധ്യാപികയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്നു പ്രൊഫ.ബി ഹൃദയകുമാരി. സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളായി 1930 സെപ്റ്റംബറിലാണ് ഹൃദയകുമാരി ജനിച്ചത്. വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടി.

തുടര്‍ന്ന് ഹൃദയകുമാരി ടീച്ചര്‍ 1950 മുതല്‍ 1986 വരെ വിവിധ ഗവണ്മന്റ് കോളേജുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. മൂന്നു വര്‍ഷം വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചശേഷം വിരമിച്ചു. ഉന്നതവിദ്യാഭ്യാസപരിഷ്‌കരണ സമിതി അധ്യക്ഷയായിരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി ഇളയ സഹോദരിയാണ്.

ഓര്‍മ്മകളിലെ വസന്തകാലം, വള്ളത്തോള്‍, കാല്പനികത എന്നിവയാണ് പ്രധാനകൃതികള്‍. നന്ദിപൂര്‍വം എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാല്പനികത എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി, പ്രൊഫ. ഗുപ്തന്‍നായര്‍ സ്മാരക പുരസ്‌കാരം, ശങ്കരനാരായണന്‍തമ്പി അവാര്‍ഡ്, ദിശ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 2014 നവംബര്‍ 8 ന് വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്നാണ് പ്രൊഫ. ബി. ഹൃദയകുമാരി അന്തരിച്ചത്.

Comments are closed.