DCBOOKS
Malayalam News Literature Website

ഓര്‍മ്മകളില്‍ അപ്പു നെടുങ്ങാടി

മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കര്‍ത്താവ്

മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കര്‍ത്താവ്  അപ്പു നെടുങ്ങാടിയുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്. മലയാളനോവലിന്റെ പൂർവ്വരൂപങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന കൃതിയാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത. 1887ഒക്ടോബറിൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തിൽനിന്നാണ് കുന്ദലത പ്രസിദ്ധീകരിക്കുന്നത്. ‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’ എന്നതാണ് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യമെന്ന് മുഖവുരയിൽ അദ്ദേഹം തന്നെ പറഞ്ഞിരുന്നു.

ജീവിതരേഖ
1869 ഒക്ടോബര്‍ 11-ന് കോഴിക്കോട് മാങ്കാവില്‍ ജനിച്ചു. 13-ാം വയസ്സില്‍ പിതാവും അടുത്ത വര്‍ഷം മാതാവും മരിച്ചു. എഫ്. എ. ബിരുദവും ബി.എ ബിരുദവും നേടിയ ശേഷം കുറച്ചുകാലം സ്‌കൂള്‍ അദ്ധ്യാപകനായി. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ട്യൂട്ടറായി. ഇക്കാലത്ത് ബി.എല്‍. പരീക്ഷ പാസ്സായി. ബാങ്കിങ്ങും പഠിച്ചു. മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ രചന ഇക്കാലത്താണ്. 1888-ല്‍ കോഴിക്കോട് വക്കീലായി പ്രാക്ടീസ് തുടങ്ങി. പിന്നീട് വ്യവസായത്തിലായി അദ്ദേഹത്തിന്റെ ശ്രദ്ധ.

മലബാറിലെ ആദ്യത്തെ ക്ഷീരവ്യവസായ കമ്പനി അദ്ദേഹം സ്ഥാപിച്ചു. മറ്റു കച്ചവടങ്ങളും ആരംഭിച്ചു. പക്ഷേ, എല്ലാം നഷ്ടത്തിലാണ് കലാശിച്ചത്. 1899-ല്‍ കേരളത്തില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ ബാങ്കായ നെടുങ്ങാടി ബാങ്ക് ആരംഭിച്ചു. 1915-ല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ മികച്ച ബാങ്കുകളില്‍ ഒന്നായി അതിനെ വളര്‍ത്തി 1918-19 കാലത്ത് കോഴിക്കോട് നഗരസഭാ ചെയര്‍മാനായി.

1919-ല്‍ റാവു ബഹദൂര്‍ ബഹുമതി ലഭിച്ചു. സ്ത്രീ വിദ്യാഭ്യാസ പുരോഗതിക്കായി ഒരു സമിതി രൂപീകരിക്കുകയും അതിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ചാലപ്പുറത്ത് ഒരു ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനായി സ്ഥാപിച്ച ഈ വിദ്യാലയം പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അന്നത്തെ ചെയര്‍മാനായിരുന്ന അച്യുതന്‍ വക്കീലിന്റെ ശ്രമഫലമായാണ് ഈ ഏറ്റെടുക്കല്‍ നടന്നത്. ഇക്കാരണത്താല്‍ പൊതുജനാഭ്യര്‍ത്ഥന മാനിച്ച് വിദ്യാലയത്തിന് അച്യുതന്‍ ഗേള്‍സ് എന്നു പേരിട്ടു. ഇതാണ് പ്രസിദ്ധമായ കോഴിക്കോട് ഗവണ്‍മെന്റ് അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളായി മാറിയത്. കേരളപത്രിക എന്ന ആനുകാലികം അദ്ദേഹത്തിന്റെ കൂടി സഹകരണത്തോടെയാണ് ആരംഭിച്ചത്. കേരളസഞ്ചാരി, വിദ്യാവിനോദിനി എന്നിവയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആനുകാലികങ്ങളായിരുന്നു. ‘കുന്ദലത’യ്ക്കു പുറമേ ‘ഒരു പാഠാവലി’ എന്നൊരു കൃതികൂടി നെടുങ്ങാടി രചിച്ചിട്ടുണ്ട്. 1933 നവംബര്‍ 6-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.