DCBOOKS
Malayalam News Literature Website

അക്കിത്തം അച്യുതൻ നമ്പൂതിരി ചരമ വാർഷിക ദിനം

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അച്യുതൻ നമ്പൂതിരി ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലക്കാലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.

എട്ടു വയസ്സു മുതൽ കവിത എഴുതിത്തുടങ്ങി. ഉണ്ണിനമ്പൂതിരി മാസികയുടെ പ്രസാധകനായിരുന്നു. യോഗക്ഷേമം, മംഗളോദയം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചു. 1956 മുതൽ 1985 വരെ ആകാശവാണിയിൽ. എസ്.പി.സി.എസ്. (കോട്ടയം)ന്റെ ഡയറക്ടറായും കേരള​സാഹിത്യ​അക്കാദമി വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കവിതകൾ, നാടകങ്ങൾ, കഥകൾ, ലേഖനങ്ങൾ എന്നീ വിഭാഗങ്ങളിലായി അനേകം ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. ശ്രീമദ് ഭാഗവതത്തിന്റെ മലയാളം പരിഭാഷ നിർവഹിച്ചു.

കേരളസാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, ഉള്ളൂർ അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, ആശാൻ പ്രൈസ്, മാതൃഭൂമി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ജ്ഞാനപീഠ ട്രസ്റ്റിന്റെ മൂർത്തിദേവി അവാർഡ് (2011), മധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ ദേശീയ കബീർ സമ്മാനം തുടങ്ങി അനേകം പുരസ്‌കാരങ്ങൾക്കർഹനായി. 2019–ൽ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചു. 2020 ഒക്ടോബർ 15–ന് അന്തരിച്ചു.

Leave A Reply