DCBOOKS
Malayalam News Literature Website

‘എട്ടാമത്തെ വെളിപാട്’; വായനയില്‍ നിന്നും മെനഞ്ഞെടുത്ത മാന്ത്രികലോകത്തിന്റെ കഥ

2018-ലെ ഡി സി സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ എട്ടാമത്തെ വെളിപാടിന്റെ രചയിതാവ് അനൂപ് ശശികുമാറുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.

എഴുത്തിന്റെ വഴിയില്‍ എത്തിപ്പെട്ടതെങ്ങനെ?

ഗവേഷണത്തിന്റെ ഭാഗമായി അക്കാദമിക് എഴുത്തുകള്‍ കഴിഞ്ഞ 9 വര്‍ഷമായി ഉണ്ട്. പക്ഷേ അവിടെ ഉപയോഗിക്കുന്ന രചനാസങ്കേതങ്ങള്‍ കുറച്ച് വ്യത്യാസപ്പെട്ടതാണ്. ഫിക്ഷന്‍ എഴുത്ത് തുടങ്ങിയിട്ട് ഏതാണ്ട് ഒരു വര്‍ഷം ആയിക്കാണും. അതിനു മുന്‍പു തന്നെ ആശയങ്ങള്‍ മനസ്സിലുണ്ടായിരുന്നു. കുറേ വര്‍ഷങ്ങളായി മലയാള ഭാഷ കൈകാര്യം ചെയ്യാത്തതു കൊണ്ട് കാര്യമായ ശ്രമങ്ങള്‍ ഒന്നും തന്നെ നടത്തിയിരുന്നില്ല. ഇംഗ്ലീഷില്‍ പലതും തുടങ്ങി പാതിവഴിക്കു നിര്‍ത്തുകയും ചെയ്തു. ജോലിയുടെ ഭാഗമായുള്ള എഴുത്തുകള്‍ സമയം അപഹരിക്കുന്നതും ഒരു കാരണമായി. ഗവേഷണപരമായ എഴുത്തുകള്‍ക്ക് ഒരു ലാളിത്യം വരാന്‍ ഫിക്ഷന്‍ എഴുതുന്നത് ഗുണം ചെയ്യും എന്ന് തോന്നിയതുകൊണ്ട് വീണ്ടും എഴുതിത്തുടങ്ങി. മലയാളത്തില്‍ എഴുതിയ(അച്ചടിച്ചു വരാത്ത) ഒന്നു രണ്ട് സൃഷ്ടികള്‍ വായിച്ച സുഹൃത്തുക്കളാണ് തുടര്‍ന്നെഴുതാന്‍ പ്രോല്‍സാഹനം തന്നത്.

ഈ നോവലെഴുതാനുണ്ടായ സാഹചര്യം എന്താണ്?

വായിക്കുന്നതില്‍ ഇഷ്ടമുള്ള ഒരു വിഭാഗമാണ് അര്‍ബന്‍ ഫാന്റസി. അതുകൊണ്ടു തന്നെ ആദ്യ നോവല്‍ ആ വിഭാഗത്തില്‍ തന്നെ വന്നാല്‍ നന്നായിരിക്കും എന്നു തോന്നി. അങ്ങനെയിരിക്കെയാണ് ഈ കഥയുടെ രൂപം മനസ്സിലേക്കു വന്നത്. സത്യത്തില്‍ ലൂയിസ് എന്ന കേന്ദ്രകഥാപാത്രമാണ് ആദ്യം മനസ്സില്‍ വന്നത്. പിന്നെ കൊച്ചി നഗരവും.

കൊച്ചി എനിക്ക് പരിചയമുള്ള നാടാണ്. വളരെ സമ്പന്നമായ ഏഴ് നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലവുമുണ്ട്. പല സംസ്‌കാരങ്ങള്‍ വന്നു ചേരുന്ന ഒരു നഗരത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം എഴുതാന്‍ പറ്റുന്ന ഒരു കഥയാണിത്. അതുകൊണ്ട് കൊച്ചി കേന്ദ്രീകരിച്ച് മനസ്സില്‍ കഥ മുഴുവനായും രൂപപ്പെടുത്തി. ആദ്യം ഇത് ഇംഗ്ലീഷിലായിരുന്നു എഴുതാന്‍ തീരുമാനിച്ചത്. പക്ഷേ കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മലയാളത്തില്‍ ഒരു അര്‍ബന്‍ ഫാന്റസി നോവല്‍ എഴുതാന്‍ പറ്റുമോ എന്ന ഒരു ചിന്തയിലേക്കു ഞാന്‍ മാറി.

ഏതാണ്ട് രണ്ടു വര്‍ഷത്തോളം ഈ കഥ മനസ്സില്‍ കൊണ്ടു നടന്നു. സമയബദ്ധമായി എഴുതാന്‍ ജോലിത്തിരക്കും മറ്റു സാഹചര്യങ്ങളും അനുവദിച്ചില്ല. ഈ നോവല്‍ മല്‍സരം വന്നപ്പോള്‍ ഒരു സമയക്രമം വച്ച് എഴുതിത്തീര്‍ക്കാന്‍ പറ്റി.

ഈ നോവലിന്റെ പ്രത്യകത എന്താണ്?

മലയാളത്തിലെ ആദ്യ അര്‍ബന്‍ ഫാന്റസിനോവല്‍ എന്നു പറയാം. ഒരു നഗരം (കൊച്ചി) കേന്ദ്രകഥാപാത്രം പോലെ പ്രാധാന്യത്തോടെ നില്‍ക്കുന്നു. അവിടേക്ക് കാലാകാലങ്ങളില്‍ വന്ന പല സംസ്‌കാരങ്ങള്‍, അവയുമായി ബന്ധപ്പെട്ട മിത്തുകള്‍ എന്നിവ ഒരു contemporary time setting ല്‍ ഉപയോഗിച്ചിട്ടുണ്ട്. ചരിത്ര വസ്തുതകളെ ഉപയോഗിച്ച് ഒരു pseudo history രൂപപ്പെടുത്തി അതിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. വിരുന്നു വന്നവര്‍, കച്ചവടക്കാര്‍, അധിനിവേശത്തിനു വേണ്ടി വന്നവര്‍ എന്നിങ്ങനെ കഴിഞ്ഞ ഒരു ഏഴ് നൂറ്റാണ്ടായി കൊച്ചിയില്‍ വന്നു പോയ സംസ്‌കാരങ്ങളെയും അവരുടെ വാമൊഴി/വരമൊഴി ചരിത്രങ്ങളേയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. പോരാതെ, കൊച്ചിയുടെ സ്വന്തമായ ചില മിത്തുകളും കഥയില്‍ സ്ഥാനം പിടിക്കുന്നു. കാലക്രമത്തില്‍ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന നിരവധി കഥകള്‍ അടങ്ങിയതാണ് ഞാന്‍ മനസ്സില്‍ കാണുന്ന കൊച്ചിയുടെ കഥാപ്രപഞ്ചം.’എട്ടാമത്തെ വെളിപാട് ‘ അതില്‍ ഒന്നു മാത്രമാണ്. ഈ universe-ല്‍ ഇനിയും പല കഥകളുണ്ട്. ഒരു series ആയി കണ്ടെഴുതിയതു കൊണ്ട് ജൂറി പറഞ്ഞതുപോലെ തന്നെ ജീവിതാവിഷ്‌കാരം പരിമിതമാണ്. വരാനിരിക്കുന്ന കഥകളില്‍ കൂടി അവ വെളിപ്പെടും. പ്രമേയത്തിന്റെ പുതുമ മാത്രമേ ഞാനിതില്‍ അവകാശപ്പെടുന്നുള്ളൂ. മറ്റു ഘടനാപരമായ മേന്‍മകള്‍ ഉണ്ടോ ഇല്ലയോ എന്നതൊക്കെ വായനക്കാര്‍ ആണ് തീരുമാനിക്കേണ്ടത്.

നോവല്‍ തന്നെയാണോ നിങ്ങളുടെ സാഹിത്യരൂപം, മറ്റെഴുത്തുകള്‍ എന്താണ്?

സാഹിത്യത്തില്‍ നോവല്‍ തന്നെയാണ് പ്രധാനമായി എഴുതാന്‍ നോക്കുന്നത്. ചെറുകഥകള്‍ എഴുതാന്‍ ശ്രമിക്കുന്നുണ്ട്. അക്കാദമിക് ഗവേഷണത്തിന്റെ ഭാഗമായി 25-ഓളം ഗവേഷണ ലേഖനങ്ങള്‍ സാമ്പത്തികശാസ്ത്രം, മാത്തമാറ്റിക്കല്‍ മോഡലിങ് എന്നീ മേഖലകളില്‍ എഴുതിയിട്ടുണ്ട്.

പൗരാണിക സ്മൃതികളുടെയും ആഭിചാരക്രിയകളുടെയും സങ്കലനത്തിലൂടെ മാജിക്കല്‍ റിയലിസം തീര്‍ത്തിരിക്കുന്നു എന്നാണ് നോവലിനെക്കുറിച്ച് വിധികര്‍ത്താക്കളുടെ അഭിപ്രായം. മാന്ത്രികതയുടെ ലോകം എവിടെ നിന്ന് കിട്ടി? സ്വന്തം അനുഭവമാണോ അതോ രചനാ സങ്കേതം മാത്രമാണോ?

വായനയില്‍ നിന്നും കിട്ടിയ അറിവുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയതാണ് എട്ടാമത്തെ വെളിപാടില്‍ പറഞ്ഞിരിക്കുന്ന മാന്ത്രികതയുടെ ലോകം. സ്വന്തമായി ഒരു കഥാപ്രപഞ്ചം സൃഷ്ടിക്കുക എന്നതാണ് കഥ എഴുതുന്നതിലെ ആദ്യപടി എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ ഭാഗമായി കൊച്ചിയില്‍ പല കാലങ്ങളില്‍ എത്തിച്ചേര്‍ന്ന നിരവധി സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന മിത്തുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ് ‘എട്ടാമത്തെ വെളിപാടി’ ന്റെ കഥാപരിസരം. ഒരോ സംസ്‌കാരത്തിനും അവരുടെ സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളുണ്ട്. അതില്‍ കഥാപശ്ചാത്തലവുമായി ചേര്‍ന്നു നില്‍ക്കുന്ന ചിലത് തിരഞ്ഞെടുത്തു. മിത്തുകള്‍ ആകുമ്പോള്‍ നമ്മുടെ ആവശ്യത്തിന് അവയെ മാറ്റിയെഴുതാം എന്ന സൗകര്യവും ഉണ്ടല്ലോ. അത് വെറുമൊരു രചനാസങ്കേതം മാത്രമാണ്. വ്യക്തിപരമായ അനുഭവങ്ങള്‍ ഒന്നും തന്നെയില്ല.

( അഭിമുഖം തയ്യാറാക്കിയത്:സാലിറ്റ് തോമസ്)

Comments are closed.