ബാലചന്ദ്രന്‍ ചുള്ളിക്കാടുമായുള്ള അഭിമുഖസംഭാഷണം
കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യ നോവല്‍ ഹിരണ്യം ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ 18-ാമത്തെ വയസ്സില്‍ എഴുതിയ മാന്ത്രിക നോവലാണ് ഇപ്പോള്‍ ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. നോവലിന്റെ പശ്ചാത്തലത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്
ഹിരണ്യം എന്ന നോവല്‍ എഴുതാനുള്ള പശ്ചാത്തലത്തെക്കുറിച്ച് ?
കൗമാരകാലത്ത് നാട്ടില്‍ ധാരാളം മന്ത്രവാദികളുണ്ടായിരുന്നു. അവരെക്കുറിച്ച് പേടിപ്പിക്കുന്ന പല കഥകളും കേട്ടിരുന്നു. അങ്ങനെ, ഒരു താത്പര്യവും ജിജ്ഞാസയും തോന്നി മന്ത്രവാദം പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒടുവില്‍ ദുര്‍മന്ത്രവാദം പഠിക്കുന്നതിനായി നാട്ടിലെ ഒരു നാടന്‍ മന്ത്രവാദിയുടെ അടുത്ത് ശിഷ്യനായി ചേര്‍ന്നു. രാത്രിയില്‍ മന്ത്രവാദം നടത്താന്‍ പോകുന്ന സ്ഥലങ്ങളില്‍ കൂടെച്ചെല്ലുക, സഹായിക്കുക തുടങ്ങിയവയായിരുന്നു എന്റെ ജോലി. പിന്നീട് അദ്ദേഹത്തിന് കടുത്ത മനോരോഗം ഉണ്ടെന്ന് മനസ്സിലാക്കിയ ഞാന്‍ ഭയപ്പെട്ട് പോകാതെയായി. ആ മന്ത്രവാദിയും അയാളുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയും പിന്നീട് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കവിതയെഴുതണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം ഭാവനയില്‍ കണ്ടപ്പോള്‍ അതൊരു കഥയായി എഴുതാനാണ് തോന്നിയത്. കവിതയെഴുത്ത് നടന്നില്ല. കഥയായി എഴുതിയപ്പോള്‍ ഒരല്‍പം നീണ്ടുപോയി. പിന്നെ അദ്ധ്യായങ്ങളായി തിരിച്ചെഴുതുകയായിരുന്നു . ദുര്‍മന്ത്രവാദത്തിന്റെ ചില സങ്കേതങ്ങളൊക്കെ രചനയില്‍ ഉപയോഗിച്ചിട്ടുണ്ട്.
1975-ല്‍ എന്റെ 18-ാമത്തെ വയസ്സിലാണ് നോവല്‍ എഴുതുന്നത്. അപ്പോള്‍ തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തെങ്കിലും അവര്‍ തിരസ്‌കരിച്ചു. പിന്നീട് അന്ന് പ്രചാരത്തിലുണ്ടായിരുന്ന മലയാളനാട് വാരികക്കും കുങ്കുമത്തിനും അയച്ചുകൊടുത്തു. അവരും പ്രസിദ്ധീകരണയോഗ്യമല്ലെന്ന് പറഞ്ഞു തള്ളുകയായിരുന്നു.
ആയിടയ്ക്കാണ് എനിക്ക് നാടും വീടും ഉപേക്ഷിച്ചു പോകേണ്ട ഒരവസ്ഥയുണ്ടാകുന്നത്. അപ്പോഴും ഈ നോവലിന്റെ കൈയെഴുത്തുപ്രതി ഞാന്‍ സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ ഒരു സാഹിത്യ ശില്പശാലയില്‍വെച്ച് പ്രൊഫ.എം തോമസ് മാത്യുവിനെ കാണാനിടയായി. അദ്ദേഹം ഈ നോവല്‍ വായിച്ചുനോക്കാനുള്ള സന്മനസ് കാണിച്ചു. എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന വീക്ഷണം വാരികയുടെ പത്രാധിപരായിരുന്ന യു.കെ.കുമാരനെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. ഒരു കത്തും തന്നുവിട്ടിരുന്നു. അങ്ങനെ 1977-ലെ വീക്ഷണം വാരികയുടെ വാര്‍ഷികപ്പതിപ്പിലാണ് ഹിരണ്യം പ്രസിദ്ധീകരിക്കുന്നത്.
നോവല്‍ പുസ്തകമാക്കിയപ്പോള്‍ ?
ദുര്‍മന്ത്രവാദവും നീചമായ പ്രവര്‍ത്തികളുമാണ് നോവലിലെ പ്രതിപാദ്യവിഷയം. ആ രചനയോട് പിന്നെയൊരു പ്രതിപത്തി എനിക്കുണ്ടായില്ല. വിഷയം തന്നെ മറന്നുകളഞ്ഞിരുന്നു. നോവലിന്റെ പ്രിന്റഡ് കോപ്പിയും കൈയെഴുത്തുപ്രതിയും എന്റെ കൈയില്‍ നിന്ന് കളഞ്ഞുപോയിരുന്നു. പിന്നീട് എവിടെനിന്നോ ഡി സി ബുക്‌സ് അത് കണ്ടെത്തി പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞു. ആദ്യമൊക്കെ സംശയിച്ചിരുന്നു. ചില സുഹൃത്തുക്കളോട് അന്വേഷിച്ചു. സുഹൃത്തും എഴുത്തുകാരനുമായ മനോജ് കുറൂരിനെയും ചില ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു. അദ്ദേഹവും പുസ്തകമാക്കുന്നതില്‍ പ്രോത്സാഹിപ്പിച്ചു.
പിന്നീട് എന്തുകൊണ്ട് ഒരു കഥയോ നോവലോ എഴുതിയില്ല ?
നോവലോ കഥയോ എന്റെ വഴിയല്ല. ഒരു നോവലിസ്‌റ്റോ കഥാകൃത്തോ ആയി അറിയപ്പെടാനും ആഗ്രഹിക്കുന്നില്ല. അതില്‍ തീരെ താത്പര്യമില്ലായിരുന്നു.
ഹിരണ്യം നോവലായപ്പോള്‍
സവര്‍ണ്ണ ബ്രാഹ്മണ മന്ത്രവാദമല്ല നോവലിലെ പ്രതിപാദ്യ വിഷയം. അവര്‍ണ്ണരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ദുര്‍മന്ത്രവാദവും മറ്റുമാണ് ചിത്രീകരിച്ചിരിക്കുന്നത്. വിഷയം നീചമായതിനാല്‍ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് താത്പര്യമുണ്ടായിരുന്നില്ല. നോവല്‍ അന്ന് വായിച്ച ചില സുഹൃത്തുക്കള്‍ ഈ കൃതി വായനക്കാരില്‍ മാനസികമായ ഒരു ക്ഷതം ഉണ്ടാകുന്നതാണെന്ന് വിമര്‍ശിച്ചിരുന്നു. ഇതിലുള്ളത് സുപ്രീം നെഗറ്റിവിറ്റിയാണെന്നും സമൂഹത്തില്‍ അന്ധവിശ്വാസം പ്രചരിക്കാന്‍ കാരണമാകുമെന്നുമുള്ള അഭിപ്രായം മറ്റു ചിലര്‍ക്കുണ്ടായിരുന്നു. അതല്ല, വായനായോഗ്യമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴും ഈ നോവല്‍ എഴുതിയത് എന്തുകൊണ്ടെന്നോ അന്നത്തെ മാനസികാവസ്ഥയോ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല എന്നത് ഒരു വാസ്തവമാണ്.
ദുര്‍മന്ത്രവാദം പിന്നീട് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
വലിയ മാനസികസമ്മര്‍ദ്ദം ഉണ്ടാക്കുന്ന സംഗതിയാണ് ദുര്‍മന്ത്രവാദം. വിനാശകാരമായ കാര്യങ്ങള്‍ക്കായാണ് ക്ഷുദ്രവും മാരണവുമൊക്കെ ഉപയോഗിക്കുന്നത്. ചെയ്യുന്ന ദുഷ്പ്രവര്‍ത്തികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഗുരു അന്നുതന്നെ പറഞ്ഞിരുന്നു. ഗുരുനാഥന്‍ നേരിട്ടതും അത്തരമൊരു തിരിച്ചടിയാണെന്നാണ് വിശ്വാസം. അതിനാല്‍ പിന്നീട് മന്ത്രവാദത്തിന്റെ പിന്നാലെ പോയിട്ടില്ല.
പുതിയ രചനകള്‍
നിലവില്‍ എഴുത്തുകളൊന്നുമില്ല.
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും ഹിരണ്യം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.