‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’; എച്ച്മുക്കുട്ടി എഴുതിയ നേരനുഭവങ്ങള്‍
എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന കൃതിയില്‍നിന്നും
ദൈവത്തിന്റെ പരിഗണനകള്‍…വെറുമൊരു പത്തു മാസക്കണക്ക്
“ഞാന്‍ ഗര്‍ഭം ധരിച്ചത് ഒരു ജനുവരി മാസത്തിലായിരുന്നു.വളരെ അസുഖകരമായ ഗര്‍ഭകാലമായിരുന്നു എന്റേത്. ഇതിനൊന്നും തുനിയരുതായിരുന്നുവെന്ന് പലവട്ടം പശ്ചാത്തപിയ്‌ക്കേണ്ടി വന്നിട്ടുണ്ടെനിയ്ക്ക്. അദ്ദേഹത്തിന് എന്റെ ഗര്‍ഭം തീരെ ആവശ്യമില്ലായിരുന്നു; ‘നിന്റെ നിര്‍ബന്ധമാണിത്’ എന്ന് പറഞ്ഞപ്പോള്‍ കണ്ണടയ്ക്കടിയിലെ ചെറിയ കണ്ണുകള്‍ അനാവശ്യമായി തിളങ്ങി; അത് സ്‌നേഹത്തിന്റെ തിളക്കമായിരുന്നില്ല. ആ നിമിഷത്തില്‍ എന്റെ കുഞ്ഞിന് അച്ഛനില്ലാതായി.
മടുപ്പിന്റെയും അസഹ്യതയുടേതുമായ ചുട്ട നോട്ടങ്ങളില്‍ എരിഞ്ഞുതീര്‍ന്ന ഞാന്‍ ലജ്ജയില്ലായ്മകൊണ്ട് മാത്രമാണ് ആ കാലത്തെ അതിജീവിച്ചത്. ആണിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഏതൊരു പെണ്ണിനും ഈ നാണമില്ലായ്മയും, അഭിമാനക്കുറവുമെല്ലാം വളരെ സഹജമായ കുപ്പായങ്ങളാണെന്ന് അന്നെനിക്കറിഞ്ഞുകൂടായിരുന്നു. പിന്നീട് അതെന്റെ രണ്ടാംതൊലി പോലെയായി. നിന്ദാപമാനങ്ങളുടെയും തിരസ്‌കാരങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും പതിവുകള്‍ ശീലമായാല്‍ പിന്നെ ഒരു അലോസരവുമുണ്ടാക്കാറില്ലല്ലോ.
ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ എന്റെ വെറും ഭാവനയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഛര്‍ദ്ദിയും ഭക്ഷണത്തോടുള്ള വൈമുഖ്യവും ചില ഭക്ഷണങ്ങളോടുള്ള ആര്‍ത്തിയും എല്ലാം ആ മനസ്സില്‍ വെറുപ്പു മാത്രമേ ഉണ്ടാക്കിയുള്ളൂ. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള സ്ത്രീകള്‍ക്കൊന്നും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. അവര്‍ രുചികരങ്ങളായ നല്ല ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി ആര്‍ത്തിയോടെ ഭക്ഷിച്ചു, അവരുടെ ശരീരങ്ങള്‍ കൊഴുത്തു തുടുത്തു. അവരില്‍ പ്രസവത്തിനു എത്രയോ മുന്‍പേ അമ്മത്തം ഒരു ദൈവാനുഗ്രഹമായി നിറഞ്ഞു തുളുമ്പാന്‍ തുടങ്ങി. പൂര്‍ണ്ണമായ സ്ത്രീത്വമുള്ള സ്ത്രീകള്‍ എന്റെ അസ്വസ്ഥതകളെ വെറും തമാശയായി മാത്രമേ കാണുകയുള്ളൂ എന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. അത്രമേല്‍ സ്വാഭാവികമായ ഒരു കാര്യമാണു ഗര്‍ഭമെന്നും വയര്‍ വലുതാകുമ്പോഴാണ് ഗര്‍ഭിണികളാണെന്നുതന്നെ അവരറിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സൗഭാഗ്യവതികളായ ആ സ്ത്രീകള്‍ക്ക് മുന്‍പില്‍ എനിക്ക് സ്വയം പുച്ഛമാണ് തോന്നേണ്ടതെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
ഞാന്‍ മെലിഞ്ഞു വിളര്‍ത്തു. ഭക്ഷണം എന്നെ തെല്ലും കൊതിപ്പിച്ചില്ല. അമ്മത്തം എന്നില്‍ പേരിനു കൂടിയും തെളിഞ്ഞില്ല. വീട്ട്‌ജോലികള്‍ ചെയ്യാനാകാതെ എനിക്ക് കൂടെക്കൂടെ ശ്വാസംമുട്ടലുണ്ടായി. ആരോഗ്യവതിയായ സ്ത്രീയുടെ പുരുഷനാകുന്നത് എത്ര വലിയ സൗഭാഗ്യമാണെന്ന് അദ്ദേഹം നെടുവീര്‍പ്പിടുമ്പോഴെല്ലാം ചിരിക്കുന്ന മട്ടില്‍ ചുണ്ടുകള്‍ അകത്തി പല്ലുകള്‍ വെളിയില്‍ കാണിക്കുവാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. വീട്ടു ജോലികള്‍ ഭംഗിയായി ചെയ്യുന്നവരും ഗര്‍ഭിണികളും ഉദ്യോഗസ്ഥകളുമായ മിടുക്കി സ്ത്രീകളെ അദ്ദേഹം എല്ലായ്‌പോഴും എനിക്ക് ചൂണ്ടിക്കാണിച്ചുതന്നു.
ഞാന്‍ പ്രസവിക്കുന്ന കുഞ്ഞ് ബുദ്ധി കുറഞ്ഞും വളര്‍ച്ചയെത്താതെയും ജനിക്കുമെന്നും അത് ഒരു വലിയ കുരിശായിത്തീരുമെന്നും അങ്ങനെ സംഭവിക്കുന്നത് എന്റെ മാത്രം കുഴപ്പം കൊണ്ടായിരിക്കുമെന്നും അദ്ദേഹം പലവട്ടം താക്കീതു നല്‍കി. ഗര്‍ഭം അലസിപ്പോകുന്നതായിരിക്കും അതിലും നല്ലതെന്ന് ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ആ സമയവും കഴിഞ്ഞ് എന്റെ വയര്‍ വലുതാകുകയും കുഞ്ഞ് വയറ്റില്‍ മെല്ലെ മെല്ലെ ഇളകുവാന്‍ തുടങ്ങുകയും ചെയ്തു. കുഞ്ഞിനെ ഓര്‍ത്ത് ഞാന്‍ താരാട്ടുകള്‍ പഠിക്കുകയോ കുട്ടിക്കുപ്പായങ്ങള്‍ തുന്നുകയോ ചെയ്തില്ല. പകരം പ്രസവത്തോടെ മരിക്കണമെന്നും ജനിക്കുന്നത് ജീവനില്ലാത്ത കുഞ്ഞായിരിക്കണമെന്നും മാത്രം ഉല്‍ക്കടമായി ആഗ്രഹിച്ചു.
ഒരു പാത്രത്തില്‍ ഇരുന്നൂറ്റി എണ്‍പതു കല്ലുകള്‍ ഞാന്‍ പെറുക്കി വെച്ചിരുന്നു. ഓരോ ദിവസവും ഒരു കല്ല് വീതം ജനലിലൂടെ പുറത്തു കളയുമ്പോള്‍, മരണദിനം സമീപിക്കുകയാണെന്ന് കരുതി ആശ്വസിയ്ക്കുകയായിരുന്നു എന്റെ മനസ്സ്.
പത്തു കല്ലുകള്‍ ബാക്കിയുണ്ടായിരുന്ന ഒരുച്ചയ്ക്ക് അസഹ്യമായ വേദനയും വിയര്‍പ്പും നിമിത്തം തളര്‍ന്ന ഞാന്‍, അയല്പക്കത്തെ അമ്മൂമ്മയെ കൂട്ടിനു വിളിച്ച് ഒരു ഓട്ടോറിക്ഷയില്‍ കയറി ഡോക്ടറെ കാണാന്‍ പോയി. കടിഞ്ഞൂല്‍ ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ഫാള്‍സ് പെയിന്‍ എന്ന ശല്യമായിരുന്നു അത്. തിരികെ വരുമ്പോള്‍ എനിക്ക് സത്യമായും വലിയ ലജ്ജയും അപമാനവും തോന്നിയിരുന്നു. അദ്ദേഹത്തിനാകട്ടെ എന്നോടുള്ള മടുപ്പും അസഹ്യതയും വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഈ സംഭവം ഉപകരിച്ചുള്ളൂ. ഇത്തരം തമാശകളൊന്നും ഇനി മേലില്‍ ആവര്‍ത്തിക്കരുതെന്ന് കടുപ്പിച്ച സ്വരത്തില്‍ പറഞ്ഞ് അദ്ദേഹം എന്നെയും ആ പ്രശ്‌നങ്ങളെയും തട്ടിമാറ്റി.
കല്ലുകളുടെ എണ്ണം രണ്ടായി കുറഞ്ഞ വേളയിലും, എനിക്കുണ്ടായ ഈറ്റു നോവ് ദഹനക്കേടിന്റെ വയറ്റു വേദനയാണെന്ന് ഞാനറിഞ്ഞതങ്ങനെയാണ്. വിയര്‍പ്പ് തുടച്ചാല്‍ മാറിക്കോളുമെന്നും അതിനു ഒരു തോര്‍ത്തുമുണ്ടിന്റെ മാത്രം ആവശ്യമേയുള്ളൂവെന്നും അപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. നട്ടെല്ലില്‍ ഇടി മിന്നുന്നതൊക്കെ വെറും തോന്നലാണെന്നും മനസ്സിലായി. അതുകൊണ്ട് ഞാന്‍ വിറയ്ക്കുന്ന കാലുകള്‍ ഒതുക്കി, മടിയിലേക്കു ചാഞ്ഞ വയറിന്മേല്‍ കൈ വെച്ച്, വസ്ത്രത്തില്‍ രക്തം പുരളാതെ ശ്രദ്ധിച്ച്, വിയര്‍ത്തും കിതച്ചും അടക്കത്തോടെ ഇരുന്നു. കാരണം അതൊരു കറുത്ത പാതിരാത്രിയായിരുന്നു. അത്താഴം കഴിച്ച്, ഒരു സിഗരറ്റും വലിച്ച് ഉറങ്ങേണ്ട നേരം. നഗരത്തിലെ ഓട്ടോറിക്ഷകളും ടാക്‌സികളുംപോലും കണ്ണടച്ചുറങ്ങുന്ന വിശ്രമവേള.
അതുകൊണ്ട് പ്രഭാതമാകുംവരെ ക്ഷമയോടെ കാത്തിരിക്കണം. പ്രസവവേദനയെ ബോധ്യപ്പെടുത്താനുള്ള വരം ദൈവം എനിയ്ക്ക് തന്നിരുന്നില്ല. പകരം ക്ഷമയും അടക്കവും പഠിപ്പിക്കുന്ന കളി തമാശയായിരുന്നു നീക്കിവെച്ചിരുന്നത്….”
Comments are closed.