ഡി.സി നോവല്‍ പുരസ്‌കാര വിജയികളെ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും
നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ സാഹിത്യ മത്സരത്തിലെ വിജയികളെ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. ഡി.സി ബുക്‌സിന്റെ 44-ാമത് വാര്‍ഷികാഘോഷചടങ്ങിന്റെ ഭാഗമായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയിലാണ് പുരസ്‌കാര പ്രഖ്യാപനവും അവാര്‍ഡ് ദാനവും നടക്കുക. എഴുത്തുകാരന്‍ ബെന്യാമിനാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. സാറാ ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ഡി.സി നോവല്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.അഞ്ച് നോവലുകളാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. എസ്. ഗിരീഷ് കുമാര്‍ രചിച്ച അലിംഗം, അനില്‍ ദേവസ്സി രചിച്ച യാ ഇലാഹി ടൈംസ്, ഫസീല മെഹര്‍ രചിച്ച ഖാനിത്താത്ത്, അനൂപ് ശശികുമാര്‍ രചിച്ച എട്ടാമത്തെ വെളിപാട്, അനീഷ് ഫ്രാന്‍സിസ് രചിച്ച വിഷാദവലയങ്ങള്‍ എന്നിവയാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ കൃതികള്‍. ഇതില്‍നിന്ന് ഏറ്റവും മികച്ച നോവല്‍ തെരഞ്ഞെടുത്ത് 2018 ഒക്ടോബര്‍ 30ന് നടക്കുന്ന ഡി.സി ബുക്‌സിന്റെ 44-ാം വാര്‍ഷികാഘോഷ വേളയില്‍ പ്രഖ്യാപിക്കും. ഈ അഞ്ച് നോവലുകളും ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം സമ്മാനം നേടുന്ന നോവലിന് ഒരു ലക്ഷം രൂപയും ഒ.വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവും പാരിതോഷികമായി ലഭിക്കും. ഡി. സി ബുക്‌സ് ചുമതലപ്പെടുത്തുന്ന ഒരു വിദഗ്ദ്ധ സമിതിയാകും മികച്ച നോവല്‍ തെരഞ്ഞെടുക്കുക.
വിനോയ് തോമസ്, കെ.വി മണികണ്ഠന്‍, വി.ജെ ജയിംസ്, സോണിയ റഫീഖ് തുടങ്ങി ഇന്ന് സമകാലിക മലയാള സാഹിത്യത്തില്‍ ശ്രദ്ധേയരായ പല എഴുത്തുകാരും ഡി സി നോവല്‍ മത്സരത്തിലെ വിജയികളായിരുന്നു. സാഹിത്യലോകത്തിലേക്ക് രംഗപ്രവേശം ചെയ്യാന്‍ കാത്തിരിക്കുന്ന എഴുത്തുകാര്‍ക്ക് വഴിതുറക്കുന്ന ഏറ്റവും മികച്ച സാഹിത്യ പുരസ്‌കാരമാണിത്.
ഡി.സി നോവല്‍ പുരസ്‌കാരം 2018: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
Comments are closed.