DCBOOKS
Malayalam News Literature Website

ഡി സി നോവല്‍ അവാര്‍ഡിന്റെ ഫലം പ്രഖ്യാപിച്ചു

നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി സി ബുക്‌സ് സംഘടിപ്പിച്ച  ഡി സി ബുക്‌സ് നോവല്‍ അവാര്‍ഡിന്റെ ഫലം പി കെ രാജശേഖരൻ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ആർക്കും ഇല്ല, പ്രോത്സാഹനമായി മൂന്ന് നോവലുകൾ പ്രസിദ്ധീകരിക്കുന്നു.  നിവേദിത മാനഴിയുടെ ‘അവ്യക്തപ്രകൃതി’, ഷമിന ഹിഷാമിന്റെ ‘ഊദ്’, വിനീഷ് കെ എന്നിന്റെ ‘നിഴൽപ്പോര്’ എന്നീ രചനകളാണ് പ്രോത്സാഹനാർത്ഥം തിരഞ്ഞെടുക്കപ്പെട്ടത്. വി ജെ ജയിംസ്, പി കെ രാജശേഖരന്‍, അരവിന്ദാക്ഷ മേനോന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.

ഡി സി ബുക്‌സ് നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കൃതി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അവാര്‍ഡ് കമ്മറ്റിയുടെ അഭിപ്രായം. എങ്കിലും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത കൃതികള്‍ പ്രോത്സാഹനാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതുപ്രകാരം ഡി സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ മത്സരത്തിലൂടെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഈ മൂന്ന് കൃതികളും ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കും.

വര്‍ഷങ്ങളായി നടത്തിവരുന്ന ഡി സി ബുക്‌സിന്റെ നോവല്‍ മത്സരം മലയാള നോവലിന് പ്രതിഭാശാലികളായ പുതിയ നോവലിസ്റ്റുകളെ സമ്മാനിക്കുക എന്ന ചരിത്രപരവും സാഹിതീയവുമായ ധര്‍മ്മമാണ് നിറവേറ്റി വരുന്നതെന്ന് ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് പി കെ രാജശേഖരന്‍ പറഞ്ഞു.

ജെ സി ബി പുരസ്‌കാരത്തിന്റെ അന്തിമപട്ടികയിലിടം നേടിയ വി ജെ ജെയിംസ്, സുസ്‌മേഷ് ചന്ത്രോത്ത്, വിനോയ് തോമസ്, സോണിയ റഫീക്, കെ വി മണികണ്ഠന്‍, ഷബിത, അനില്‍ ദേവസി, കിംഗ് ജോണ്‍സ് ഡി സി നോവല്‍ പുരസ്‌കാരത്തിലൂടെയും ചുരുക്കപ്പട്ടികയിലൂടെയും മലയാള നോവല്‍ സാഹിത്യലോകത്തേക്ക് പ്രവേശിച്ചവരാണ്. സാഹിത്യലോകത്തിലേക്ക് രംഗപ്രവേശം ചെയ്യാന്‍ കാത്തിരിക്കുന്ന എഴുത്തുകാര്‍ക്ക് വഴിതുറക്കുന്ന ഏറ്റവും മികച്ച സാഹിത്യ പുരസ്‌കാരമാണിത്.

Comments are closed.