ഡി സി കിഴക്കെമുറി : പ്രസാധനത്തിന്റെ ജനിതക ശാസ്ത്രം
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം എഡിഷനിൽ വേദിയായ എഴുത്തോലയിൽ ‘ഡി സി കിഴക്കെമുറി പ്രസാധനത്തിന്റെ ജനിതകശാസ്ത്രം’ എന്ന വിഷയത്തിൽ മലയാള നിരൂപകനായ ഡോ.പി. കെ. രാജശേഖരൻ, പി. എസ്. ജയൻ, അധ്യാപികയായ സുനീത ടി.വി. എന്നിവർ സംസാരിച്ചു. ഇന്ത്യൻ പ്രസാധന രംഗവുമായി താരതമ്യം ചെയ്യുമ്പോൾ മലയാള പ്രസാധനരംഗം ഉയർച്ച കൈവരിച്ചിരിക്കുന്നതായി കാണാൻ സാധിക്കുമെന്നും അതിന് പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഡൊമിനിക് ചാക്കോ കിഴക്കെമുറി എന്ന ഡിസിയുടെ സ്ഥാപകനെന്നും ഡോ. പി. കെ. രാജശേഖരൻ ചൂണ്ടിക്കാണിച്ചു.
സാഹിത്യ പ്രവർത്തക സഹകരണ സംഘം സ്ഥാപിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ തികച്ചും സ്തുത്യർഹമാണെന്നും പ്രസാധന രംഗത്ത് പരീക്ഷണങ്ങളും രാഷ്ട്രീയ സാമൂഹികഇടപെടലുകളും നടത്തി അദ്ദേഹം യഥാർത്ഥത്തിൽ ഒരു നവോത്ഥാന നായകൻ തന്നെയാണെന്നും പി. കെ. രാജശേഖരൻ കൂട്ടിച്ചേർത്തു. നികുതിയില്ലാത്ത ഉത്പന്നമെന്ന നിലയിൽ നിരന്തരമായ വെല്ലുവിളി നേരിടുന്ന പ്രസാധനരംഗത്ത് ഡി സി നൂതന ആശയങ്ങളുടെ പാഠപുസ്തകമാണന്നും പേപ്പർ ബാക്ക് റവല്യൂഷൻ, മികച്ച കവർ ഡിസൈൻ, അതിവേഗ പ്രസാധനം തുടങ്ങിയ വാണിജ്യ തന്ത്രങ്ങളിലൂടെ മലയാള പ്രസാധന രംഗത്തെ ഉയർച്ചയിൽ എത്തിക്കാൻ ഡി സിക്ക് സാധിച്ചുവെന്നും പി. എസ്. ജയൻ പറഞ്ഞു.
പ്രസാധനരംഗത്ത് വലിയ പാരമ്പര്യം അവകാശപ്പെടാൻ ഡി സിക്ക് സാധിക്കുമെന്നും പുതിയ എഴുത്തുകാരെ സ്വീകരിക്കാനും വായന ജനകീയമാക്കാനും ഡി സി വൈഭവം കാണിക്കുകയും ചെയ്തു. മലയാള പ്രസാധന രംഗത്തെ അതികായരായ ഡി സിയുടെ സ്ഥാപകൻ ഡൊമിനിക്ക് ചാക്കോയുടെ 99-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട് മോഡറേറ്റർ സുനീത ടി. വി.യാണ് ചർച്ച അവസാനിപ്പിച്ചത്.
Comments are closed.