DCBOOKS
Malayalam News Literature Website

ഡി സി കിഴക്കെമുറിയുടെ ജന്മവാര്‍ഷികദിനം

ജനുവരി 12 …പ്രത്യേകതകളേറെയുള്ള ദിനം..! യുവജനങ്ങളെ പ്രചോദിതനാക്കിയ സന്യാസി വിവേകാനന്ദന്റെ ജന്മദിനം..ദേശീയ യുവജനദിനം…  പിന്നെ… ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണും കാതും തുറന്നു വച്ച് താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം സസൂക്ഷ്മം രേഖപ്പെടുത്തുകയും സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ ഇടങ്ങളില്‍ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുകയും ചെയ്ത ഡൊമിനിക് ചാക്കൊ കിഴക്കെമുറി എന്ന ഡി സി കിഴക്കെമുറിയുടെ ജന്മദിനവും..!

കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടേയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡി സി കിഴക്കെമുറി 1914 ജനുവരി 12ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത് പാറത്തോട് ഗ്രാമത്തിലെ കിഴക്കെമുറിത്തറവാട്ടില്‍ ചാക്കോയുടെയും മുഞ്ഞനാട്ട് ഏലിയാമ്മയുടെയും പുത്രനായി ജനിച്ചു. വെര്‍ണാകുലര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായി കാഞ്ഞിരപ്പള്ളി മിഡില്‍ സ്‌കൂളില്‍ അധ്യാപകനായി. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ഇക്കാലത്താണ് കെ.ജെ. തോമസ് സെക്രട്ടറിയും ഡി സി കമ്മിറ്റി അംഗവുമായി കാഞ്ഞിരപ്പള്ളിയില്‍ സഹൃദയ ഗ്രന്ഥശാല തുടങ്ങുന്നത്. അക്കാലത്തെ പ്രശസ്തരായ എഴുത്തുകാരുടെ കഥകളും ലേഖനങ്ങളും വാര്‍ഷികപ്പതിപ്പില്‍ ഉള്‍പ്പെടുത്തിയ ഡി സി യുടെ സാഹിത്യലോകത്തേക്കുള്ള ആദ്യചുവടുകളായിരുന്നു സഹൃദയയുടെ വാര്‍ഷികപ്പതിപ്പുകള്‍. 12 വര്‍ഷം അധ്യാപകനായിരുന്ന ഡി സി ആ ജോലി ഉപേക്ഷിച്ച് കൃഷിയില്‍ ഏര്‍പ്പെട്ടു.

പൊന്‍കുന്നം വര്‍ക്കിയുടെ ക്ഷണമനുസരിച്ചാണ് ഡി സി കോട്ടയത്ത് എത്തുന്നത്. പൊന്‍കുന്നം വര്‍ക്കി, കെ.ജെ തോമസ്, ഡി സി എന്നിവര്‍ ചേര്‍ന്നാണ് 1945ല്‍ നാഷണല്‍ ബുക്ക്സ്റ്റാള്‍ തുടങ്ങുന്നത്. എല്ലാ മലയാള പുസ്തകങ്ങളും ലഭിക്കുന്ന ഒന്നാംകിട പുസ്തകശാലയാക്കി ഡി സി കിഴക്കെമുറി എന്‍ബിഎസിനെ മാറ്റിയെടുത്തു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം എം പി പോളിന്റെയും കാരൂര്‍ നീലകണ്ഠപ്പിള്ളയുടെയും ഡി.സിയുടെയും ശ്രമഫലമായാണ് രൂപംകൊണ്ടത്. 25 വര്‍ഷം ഡി.സി സംഘത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും മലയാളിയുടെ വായനാസംസ്‌കാരത്തെ പരിപോഷിപ്പിക്കുകയും ചെയ്തു.

1946 നവംബര്‍ 14ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് ആറുമാസം ജയില്‍ശിക്ഷയനുഭവിച്ചു. സി.കേശവന്‍, കുമ്പളത്ത് ശങ്കുപ്പിള്ള, കെ.എം.ചാണ്ടി, കോട്ടയം ഭാസി എന്നിവരായിരുന്നു സഹതടവുകാര്‍. കണ്ണൂരില്‍ അന്തരിച്ച സ്വദേശിഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന തിരുവനന്തപുരത്ത് കൊണ്ടുവന്നു സ്ഥാപിക്കാനുള്ള ശ്രമം നടന്നത് ഡി സിയുടെ നേതൃത്വത്തിലായിരുന്നു. പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വില്‍പ്പനനികുതി നിര്‍ത്തിയത് 1952ല്‍ ഡി സിയുടെ ശ്രമഫലമായിരുന്നു. പറവൂര്‍ ടി.കെ.നാരായണപിള്ള, പനമ്പിള്ളി, എ.ജെ.ജോണ്‍ എന്നീ തിരുകൊച്ചി മന്ത്രിമാരെ സ്വാധീനിച്ച് ഡി സി പുസ്തകങ്ങളെ വില്‍പ്പനനികുതിയില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സംഘടിപ്പിച്ചു. ഈ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പിന്നീട് ഇത് ഇന്ത്യയൊട്ടുക്കും നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വിജയകരമായി നടത്തിവരുന്ന ലോട്ടറി എന്ന ആശയത്തിനു പിന്നില്‍ ഡി സി കിഴക്കെമുറിയാണ്. കോട്ടയം പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയായിരിക്കെയാണ് ഡി സി ലോട്ടറി എന്ന ആശയം നടപ്പിലാക്കിയത്. ലൈബ്രറി കെട്ടിടം നിര്‍മ്മിക്കാനുള്ള ധനശേഖരണാര്‍ത്ഥമായിരുന്നു അത്. പിന്നീട് സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ലോട്ടറിയുടെ പ്രവര്‍ത്തരീതി ഡി സി പറഞ്ഞുകൊടുത്തു. കേരളത്തിനൊരു സാംസ്‌കാരിക വകുപ്പ് സൃഷ്ടിക്കുന്നതിനും ലിപി പരിഷ്‌കരണത്തിനും ഡി സി നിര്‍വഹിച്ച പങ്ക് നിസ്സീമമാണ്. കോട്ടയത്തെ സമ്പൂര്‍ണ്ണസാക്ഷരത നിറഞ്ഞ പട്ടണമാക്കി മാറ്റുകയെന്ന ആശയവും ഡി സിയുടെതാണെന്നത് ചരിത്രവസ്തുതയാണ്.

എഴുത്തുകാരനെന്ന നിലയിലും ഡി സി നല്‍കിയ സംഭാവനകള്‍ വലുതാണ്. മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റാണ് ഡി സി. 1946-ല്‍ സി.എം സ്റ്റീഫന്റെ പൗരപ്രഭ എന്ന പത്രത്തില്‍ കറുപ്പും വെളുപ്പും എന്ന കോളം എഴുതാന്‍ തുടങ്ങി. പിന്നീട് കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം വാരികയില്‍ ഈ പംക്തി പ്രസിദ്ധീകരിച്ചു. 1974 ആഗസ്റ്റ് 29നാണ് ഡി.സി കിഴക്കെമുറി ഡി. സി ബുക്‌സ് തുടങ്ങുന്നത്. പത്തു മാസങ്ങള്‍ക്കുള്ളില്‍ ‘മലയാളശൈലി നിഘണ്ടു’ എന്ന ആദ്യകൃതി പുറത്തിറങ്ങി. പിന്നീട് വായനക്കാരുടെയും പ്രതിഭാധനരായ എഴുത്തുകാരുടെയും പിന്തുണയോടെ ഒരു പുസ്തകവസന്തം തന്നെ ഡി സി മലയാളിക്കു സമ്മാനിച്ചു.

ഭാഷയ്ക്കും സമൂഹത്തിനും പരമാവധി സേവനം നിര്‍വഹിക്കുവാന്‍ ജീവാര്‍പ്പണം ചെയ്ത ഡിസിയ്ക്ക് 1999 ജനുവരി 26-ാം തീയതി രാഷ്ട്രം പദ്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. രണ്ടു മണിക്കൂറുകള്‍ക്കു ശേഷം 85 വര്‍ഷത്തെ കര്‍മ്മജീവിതം പൂര്‍ത്തിയാക്കി അദ്ദേഹം ലോകത്തോടു വിട പറഞ്ഞു.

Comments are closed.