ഭയാനകമായ സ്വാതന്ത്ര്യങ്ങള്‍
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നിപ്പോള്‍ വര്‍ഷം എഴുപതു കഴിഞ്ഞുപോയി. സ്വാതന്ത്ര്യത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോയെന്ന് ഈ സന്ദര്‍ഭത്തിലും നാം അന്വേഷിക്കേണ്ടിവരുന്നു. അര്‍ത്ഥമുണ്ടെങ്കില്‍ അതെന്താണ്? എവിടെയാണതു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്? ആ സ്വാതന്ത്ര്യമുപയോഗിച്ച് എന്തൊക്കെയാണ് നാം ചെയ്യുന്നത്? ഇത്തരം ചോദ്യങ്ങളൊന്നും ഇന്നു നമ്മള്‍ ഉന്നയിക്കുന്നില്ലെങ്കില്‍ സ്വാഭാവികമായും ജനാധിപത്യം അതിന്റെ വഴിക്ക് എങ്ങോട്ടെങ്കിലും നീങ്ങിപ്പോയെന്നു വരാം; തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രമുഖ സംഗീതജ്ഞന്‍ ടി. എം. കൃഷ്ണ നടത്തിയ 21-ാമത് ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണത്തിന്റെ ലിഖിതരൂപം.
മൊഴിമാറ്റം: ഡോ.ജോസഫ് കെ. ജോബ്
”ആടുവോമേ
പള്ള് പാടുവോമേ
ആനന്തസുതന്തിരം
അടൈന്തുവിട്ടോം എന്റ്
എങ്കും സുതന്തിരം
എന്‍പതേ പേച്ച്
നാം എല്ലോരും
സമമെന്‍പതുറുതിയാച്ച്
ശങ്കുകൊണ്ടേ വെറ്റ്‌റി
ഊതുവോമേ
ഇന്ത തരണിക്കെല്ലാമെടുത്ത്
ഓതുവോമേ.”
-(സുബ്രഹ്മണ്യഭാരതി)
”ആടുകയും ചെയ്യാം
പാടുകയും ചെയ്യാം
ആനന്ദസ്വാതന്ത്ര്യം നാം
അറിഞ്ഞുവല്ലോ
എങ്ങും സ്വാതന്ത്ര്യമായ്
എന്നതിന്‍ മുഴക്കം
നാമെല്ലാരും
സമമമാണെന്നറിയുകയായ്
ശംഖുകൊണ്ട്
വിജയകാഹളമൂതിടാം
ഈ ധരണിയെല്ലാം ചെന്നു
കീര്‍ത്തിച്ചിടാം.” (വിവര്‍ത്തനം)
വിഖ്യാതകവി സുബ്രഹ്മണ്യഭാരതി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെഴുതിയ വരികളാണിത്. സ്വാതന്ത്ര്യത്തെക്കുറിച്ചാണ് അദ്ദേഹം പാടുന്നത്. അദ്ദേഹം അന്നു കുറിച്ച ആ വാക്കുകളില്‍ ഇന്നെന്തെങ്കിലും കഴമ്പുള്ളതായി എനിക്കു തോന്നുന്നില്ല. ഏതെങ്കിലും സ്വപ്‌നലോകത്തായിരുന്നുവോ അദ്ദേഹം ജീവിച്ചത്? അതും എനിക്കറിയില്ല. സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് ഭാരതി ഈ വരികളെഴുതിയതെന്ന് അറിയാതെയല്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നിപ്പോള്‍ വര്‍ഷം എഴുപതു കഴിഞ്ഞുപോയി. സ്വാതന്ത്ര്യത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോയെന്ന് ഈ സന്ദര്‍ഭത്തിലും നാം അന്വേഷിക്കേണ്ടിവരുന്നു. അര്‍ത്ഥമുണ്ടെങ്കില്‍ അതെന്താണ്? എവിടെയാണതു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്? ആ സ്വാതന്ത്ര്യമുപയോഗിച്ച് എന്തൊക്കെയാണ് നാം ചെയ്യുന്നത്? ആലോചിക്കേണ്ട വിഷയങ്ങളാണ് ഇവയെല്ലാം. ഇത്തരം ചോദ്യങ്ങളൊന്നും ഇന്നു നമ്മള്‍ ഉന്നയിക്കുന്നില്ലെങ്കില്‍ സ്വാഭാവികമായും ജനാധിപത്യം അതിന്റെ വഴിക്ക് എങ്ങോട്ടെങ്കിലും നീങ്ങിപ്പോയെന്നു വരാം. സ്വാതന്ത്ര്യം എന്ന വാക്കുതന്നെ നാം മറന്നുപോയി എന്നും വരാം.
‘സ്വാതന്ത്ര്യത്തിലെ ഭയങ്ങള്‍’ എന്ന ഈ പ്രഭാഷണം വാസ്തവത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഒന്നാണ്. പേമാരിയും പ്രളയവുംകൊണ്ട് അതു നീട്ടിവയ്ക്കപ്പെട്ടു. ഒരു വര്‍ഷംകൊണ്ട് ഈ വിഷയത്തിന്റെ തീവ്രത ഏറിവരികയാണു ചെയ്തത്. 19 ലക്ഷം ജനങ്ങളോട് നിങ്ങള്‍ എവിടെയുമില്ലാത്തവരാണെന്നു പറയപ്പെട്ടിരിക്കുന്ന സമയത്താണ് ഞാനിപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. ദേശീയപൗരത്വ രജിസ്റ്ററിന്റെ അന്തിമപട്ടിക പുറത്തുവന്നതോടെ 19 ലക്ഷം ജനങ്ങള്‍ ആരാണെന്ന് അവര്‍ക്കുതന്നെ അറിയാത്ത അവസ്ഥയിലായി. വിദേശികളുടെ ട്രൈബ്യൂണല്‍ എന്നറിയപ്പെടുന്ന ഓഫീസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് 120 ദിവസം അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് അവരെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് എങ്ങോട്ടും പോകാനിടമില്ല. ഇന്ത്യ എന്നു വിളിക്കുന്ന ഈ ഭൂപ്രദേശത്ത് ഏറെക്കാലമായി ജീവിച്ചവരാണ് അവര്‍. ഇവിടെ വളര്‍ന്നുവന്നവര്‍. ഇവിടെ സുഹൃത്തുക്കളും ബന്ധുക്കളുമുള്ളവര്‍. ഇവിടെയവര്‍ ജോലി ചെയ്തു. ഞാനും നിങ്ങളും നുകര്‍ന്ന കാലവര്‍ഷത്തിന്റെ അതേ സുഗന്ധമാണ് അവരും നാളിതുവരെ നുകര്‍ന്നത്. ഇവിടുത്തെ വയലേലകളില്‍ വിളഞ്ഞ ധാന്യങ്ങള്‍ അവര്‍ ഭക്ഷിച്ചു, പച്ചക്കറികള്‍ കഴിച്ചു. അതേ മത്സ്യമാംസാദികള്‍ കഴിച്ചു. ഇന്നവര്‍ക്കറിയില്ല- അവരാരാണെന്ന്.
ഭരണഘടനാപരമായിത്തന്നെ ഏറ്റവും ദുര്‍ഘടമായ കാലഘട്ടത്തിലൂടെയാണ് നാമിന്നു കടന്നുപോകുന്നത്. ഇന്ന് 2019-ല്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യമെന്താണെന്നു നോക്കൂ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് അതിന്റെ സൈനികവ്യൂഹത്തെ അയച്ച് ജനപ്രതിനിധികളായ എം.പി.മാരെയും എം. എല്‍. എ മാരെയും അറസ്റ്റുചെയ്യാനും ഒരു മാസത്തോളം തടവില്‍ വയ്ക്കാനും കഴിയുന്ന സാഹചര്യം നമുക്കു കാശ്മീരില്‍ കാണാം. അവിടെ എത്തിച്ചേരാനോ സ്വതന്ത്രമായി വസ്തുതകള്‍ പഠിക്കാനോ ഒന്നും പത്രപ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. രഹസ്യമായി ചെന്ന് ഒളിവില്‍ പാര്‍ത്തുകൊണ്ടുമാത്രമേ അവിടെ എന്തു സംഭവിക്കുമെന്ന് അവര്‍ക്കു റിപ്പോര്‍ട്ടുചെയ്യാനാകുന്നുള്ളൂ.
പരസ്പരം വെറുക്കാന്‍ നമ്മോട് ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. മറ്റുള്ളവരോട് ക്രുദ്ധരാകാന്‍, പരുഷവാക്കുകള്‍ പ്രയോഗിക്കാന്‍, ആക്രോശിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്ന കാലം. ഇന്നത്തെ ടെലിവിഷന്‍ വാര്‍ത്തകള്‍ നമുക്കു മുന്നിലേക്ക് ഇട്ടുതരുന്നത് അത്തരമൊരു കാലമാണ്. രാഷ്ട്രീയവും ലിംഗപരവും ഭാഷാപരവുമായ സകല വ്യത്യാസങ്ങളും മാറ്റിവച്ചുകൊണ്ട് ഒരു നിമിഷം നമുക്കൊന്ന് ചിന്തിച്ചു നോക്കാം. മനുഷ്യര്‍ എന്ന നിലയില്‍-മനുഷ്യര്‍ എന്ന നിലയില്‍ മാത്രം-നമുക്കിന്നു വികാരംകൊള്ളാന്‍ കഴിയുന്നുണ്ടോ? ഇന്ത്യക്കാരനെന്നോ മലയാളിയെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഒന്നുമല്ലാതെ മനുഷ്യരായിമാത്രം വികാരപ്പെടാന്‍ നമുക്കു കഴിയേണ്ടതല്ലേ? മാനുഷികമായ വികാരങ്ങളോട് ഒരു വിധ സംവേദനക്ഷമതയുമില്ലാത്തവരായി നാമെല്ലാം മാറിക്കഴിഞ്ഞു എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്തം. വിദ്വേഷവും ക്രോധവുമാണ് ഇന്നു നമ്മില്‍ ആധിപത്യം നേടുന്ന വികാരങ്ങള്‍. നമ്മുടെ നൈസര്‍ഗ്ഗികസ്വഭാവം ഈ ക്രോധ വിദ്വേഷങ്ങളാണെന്നാണു പലരും ധരിച്ചുവശായിട്ടുള്ളത്. ശരിയല്ല അത്. ഭയമാണ്, ഭയംമാത്രമാണ് നമ്മുടെ ജന്മപ്രകൃതി. അത്യന്തം വിശ്വാസമുണ്ടെന്നു തെളിയിക്കാന്‍ ആക്രോശിക്കുന്നതുകൊണ്ടോ മനസ്സിലാക്കുന്നു എന്നു തെളിയിക്കാന്‍ അലമുറയിടുന്നതുകൊണ്ടോ മറ്റൊരാളെ അറിയാം എന്നു തെളിയിക്കുന്നതിന് അയാളെ വലിച്ചു താഴെയിടുന്നതുകൊണ്ടോ ഒന്നും കാര്യമില്ല. അതെല്ലാം ഭയത്തിന്റെ ഓരോ പ്രത്യക്ഷീകരണങ്ങള്‍മാത്രമാണ്. ഇന്നു നമ്മെ ആകമാനം ഭരിച്ചുകൊണ്ടിരിക്കുന്ന വികാരം ഭയംതന്നെയാണ്. നിങ്ങള്‍ ഭയപ്പെട്ടുതുടങ്ങുന്നതോടെ ഭയത്തിന്റെ കാരണങ്ങള്‍ക്കു പിന്നെ പ്രസക്തിയില്ലാതായിത്തീരുന്നു. ഒരാള്‍ ഭയചകിതനാണെങ്കില്‍ അയാള്‍ ഭയചകിതനാണ്-അത്രമാത്രം. യുക്തിപരമായി നോക്കി ഭയപ്പെടേണ്ട കാര്യമില്ലെന്നു വാദിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ഭയപ്പെടുന്നയാളെ സംബന്ധിച്ച് അതൊന്നും പ്രസക്തമല്ല.
ഭയമെന്ന വാക്ക് രൂപപ്പെടുന്നത് എവിടെനിന്നാണ്? എന്താണ് അതിന്റെ നിരുക്തി. നമുക്കറിയാവുന്നതിനേക്കാള്‍ ആഴത്തില്‍ പദങ്ങളുടെ സൂക്ഷ്മാര്‍ത്ഥം പകര്‍ന്നു നല്‍കാന്‍ നിരുക്തിക്കു കഴിഞ്ഞേക്കും എന്നെനിക്കു തോന്നിയിട്ടുണ്ട്. ഇംഗ്ലിഷിലുപയോഗിക്കുന്ന ‘ഫിയര്‍’ എന്ന വാക്കിന്റെ കാര്യമെടുക്കാം. ആരാധന, ബഹുമാനം, കടപ്പാടോടെയുള്ള നില്പ്, ഈശ്വരഭക്തി എന്നീ അര്‍ത്ഥങ്ങളൊക്കെ ഫിയര്‍ എന്ന വാക്കിന്റെ അര്‍ത്ഥമായി വരുന്നുണ്ട്. ഈശ്വരഭക്തി അല്ലെങ്കില്‍ ബഹുമാനത്തോടെ ഈശ്വരനുമുന്നില്‍ നില്‍ക്കുന്ന അവസ്ഥ എന്നതിലാണ് ഫിയറിന്റെ നിരുക്തി കാണേണ്ടത്. എന്തിനെങ്കിലും അധീനമാകുക, അത് ദൈവമാകാം, അതുപോലെ എന്തുമാകാം. അധീനപ്പെടുന്ന വികാരമാണ് എന്ന അര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ വലിയ ഭാരംപേറുന്ന ഒരു വാക്കാണ് ഭയം എന്നത്. ഈ അധീനത ചിലപ്പോള്‍ സാമൂഹികഘടനയോടാവാം; എന്തിനേറെ യുക്തിചിന്തയോടുപോലുമാവാം. യുക്തിചിന്തയാണെങ്കിലും അമിതമായാല്‍ വിഷമാകും. അമിതമായ യുക്തിചിന്തയില്‍ പെട്ടാല്‍പിന്നെ ഒരു വിശ്വാസിയുടെ മനസ്സെന്താണെന്നു മനസ്സിലാക്കാന്‍ കഴിവില്ലാതായിപ്പോകുന്നതും ഇവിടെ കാണുന്നുണ്ടല്ലോ. അമിതമായ മതചിന്തയും അമിതമായ യുക്തിചിന്തയും ഒരുപോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഭയത്തെക്കുറിച്ചു പറയുമ്പോള്‍ ഇന്ത്യയിലുള്ളവരെല്ലാം ഒരുപോലെ ഉദ്ധരിക്കുന്നത് ഒരു ടാഗോര്‍ കവിതയാണ്. ”വേര്‍ ദ മൈന്‍ഡ് ഈസ് വിത്തൗട്ട് ഫിയര്‍…” ഞാനീ സന്ദര്‍ഭത്തില്‍ ഈ വരികള്‍ ഉദ്ധരിച്ചില്ലെങ്കില്‍ ആരെങ്കിലും വന്ന് എന്നോടു പറഞ്ഞുകളയും: അയ്യോ ടാഗോറിനെ ഉദ്ധരിച്ചില്ലല്ലോ എന്ന്. അത്രയ്ക്കുണ്ട് ടാഗോറിന്റെ പ്രാധാന്യം. ടാഗോറിന്റെ ഉദ്ധരണി നമുക്കെല്ലാവര്‍ക്കും നന്നായി അറിയാം. വാസ്തവത്തില്‍ ടാഗോര്‍ ബംഗാളിയിലെഴുതിയത് ഇംഗ്ലിഷിലേക്ക് അദ്ദേഹംതന്നെ തര്‍ജ്ജമ ചെയ്തതാണിത്.
”ചിത്തോ ജഥാ ബൊയ്ഷുനോ
ഉച്ച ജഥാ ഷീര്‍”-എന്നതാണ് ബംഗാളിമൂലം. സ്വയം തര്‍ജ്ജമ ചെയ്തതാണെങ്കിലും മൂലഭാഷയിലുള്ള ആശയത്തെ ഇംഗ്ലിഷിലേക്കു കൃത്യമായിപരിഭാഷപ്പെടുത്താന്‍ ടാഗോറിനു കഴിഞ്ഞിട്ടില്ല എന്നുവേണം കരുതാന്‍. ബംഗാളിഭാഷയില്‍ അദ്ദേഹത്തിന് എന്തെങ്കിലും കുറച്ചുകൂടി പറയാനുണ്ടായിരുന്നിരിക്കണം. ചിത്തോ അഥവാ ചിത്തം എന്നതിന് ബുദ്ധികേന്ദ്രമായ മനസ്സ് എന്നും വികാരകേന്ദ്രമായ ഹൃദയം എന്നും അര്‍ത്ഥമുണ്ട്. ഈ കവിതയുടെ സന്ദര്‍ഭത്തില്‍ ചിത്തം എന്നു കവി ഉദ്ദേശിക്കുന്നത് ഹൃദയം എന്ന അര്‍ത്ഥത്തിലാവാതെ തരമില്ല. അദ്ദേഹത്തിനു പറയാനുള്ളത് ഹൃദയം ഭയരഹിതമായിരിക്കുമ്പോള്‍ ശിരസ്സ് ഉയര്‍ന്നിരിക്കും എന്നാണ്. മനസ്സ് എന്നു വിചാരിക്കുന്നതിനേക്കാള്‍ ഹൃദയം എന്നു വിചാരിക്കുകയാണെങ്കില്‍ കവിതയ്ക്കു കൂടുതല്‍ ആഴമുണ്ടാകുന്നു. പലപ്പോഴും വാക്കുകളുടെ അര്‍ത്ഥമറിയാതെയാണ് നാം പല വാക്കുകളും ഉപയോഗിക്കുന്നത്. മതേതരത്വം, സ്വാതന്ത്ര്യം, ബഹുസ്വരത, സമത്വം എന്നീ വാക്കുകളൊക്കെയും നാം ഉപയോഗിക്കുന്നത് അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയല്ല. അമൂര്‍ത്തമാണ് ഇത്തരം വാക്കുകള്‍ പലതും. ആരോടെങ്കിലും മതേതരത്വമെന്തെന്ന് ചോദിച്ചാല്‍ അയാളുടനേ ഒരു നിഘണ്ടുവെടുത്തു നീട്ടും. അല്ലെങ്കില്‍ ഏതെങ്കിലുമൊരു പണ്ഡിതന്‍ കുറിച്ചുവച്ച വല്ല നിര്‍വചനവും എടുത്തെഴുന്നള്ളിക്കും. മതേതരത്വം നിങ്ങള്‍ക്ക് നിങ്ങളുടെയുള്ളില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. അതുപോലെയാണ് ഭയം എന്ന വാക്കിന്റെയും കാര്യം.
ഭയം എന്നത് പറഞ്ഞറിയിക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. നിങ്ങളുടെ കൈ വിറയ്ക്കുമ്പോള്‍ നിങ്ങളുടെ ഉള്ളിലുണ്ടാകുന്ന ഒന്നാണ് ഭയം. നിങ്ങള്‍ക്ക് ശ്വാസംമുട്ടുമ്പോള്‍ ഉള്ളിലുണ്ടാകുന്നതാണ് ഭയം. നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമ്പോഴാണു ഭയമുള്ളത്. മറ്റൊരാളെ വെറുക്കാന്‍ നിങ്ങള്‍ പ്രേരിതനാകുമ്പോഴാണു നിങ്ങള്‍ക്കു ഭയമുണ്ടാകുന്നത്. നിങ്ങളാരാണെന്നതിലേക്കു കുറച്ചുസമയത്തേക്കെങ്കിലും നിങ്ങളെ പിടിച്ചുനിര്‍ത്തുന്ന ഒന്നു ഭയമാണ്. ടിം.എം. കൃഷ്ണ എന്ന ഞാന്‍ ഈ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ മറ്റാരും ഇങ്ങോട്ടു കയറിവരില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തുന്നത് എന്റെയുള്ളിലെ ഭയംകൊണ്ടാണ്. ഒരു ഗായകനെന്ന നിലയില്‍ മറ്റു ഗായകരോട് മത്സരിച്ചു പിടിച്ചുനില്‍ക്കണമെന്ന് ഞാന്‍ ഉറപ്പുവരുത്തുന്നത് എന്റെയുള്ളിലെ ഭയംകൊണ്ടാണ്. എന്നോടു മത്സരിക്കുന്ന മട്ടില്‍ ഏതെങ്കിലുമൊരു ഗായകന്‍ ശീര്‍ഷാസനത്തില്‍നിന്നു പാടാന്‍ ശ്രമിക്കുകയാണെങ്കില്‍ ഞാനും ശീര്‍ഷാസനത്തില്‍നിന്ന് പാടിയെന്നിരിക്കും. കാരണം എനിക്കു ഭയമുണ്ട്. എന്തോ നഷ്ടപ്പെടുമെന്ന ഭയമുണ്ട്. അമൂര്‍ത്തമായ മനസ്സ് എന്ന അര്‍ത്ഥത്തിലല്ല ചിത്തം എന്ന വാക്ക് ടാഗോര്‍ ഉപയോഗിക്കുന്നത്. ഹൃദയം എന്ന അര്‍ത്ഥത്തിലാണ്. ഭയമെന്ന വികാരമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരവസ്ഥയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അവിടെ നിങ്ങള്‍ക്ക് ശ്വസിക്കാന്‍ കഴിയണം. ഭയമുള്ളപ്പോള്‍ ശ്വസിക്കാന്‍ കഴിയില്ലെന്ന് നമുക്കറിയാവുന്നതാണല്ലോ. ഭയമുള്ളപ്പോള്‍ നാം ശ്വാസം പിടിച്ചുവയ്ക്കും. അതു നമ്മുടെ ശ്വാസത്തിലും കൈകളിലും അസ്ഥികളിലുംവരെ തിരിച്ചറിയാനാകുന്ന ഒന്നാണ്. അതിനെക്കുറിച്ചാണ് ടാഗോര്‍ പറയുന്നത്. ബൗദ്ധികമായ അറിവുകളെക്കുറിച്ചല്ല അദ്ദേഹം പറയുന്നത്. അതങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാത്രം.
ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ എന്തിനെയാണു ഭയക്കുന്നത്? രാഷ്ട്രീയക്കാരന്‍ ആകെക്കൂടി ഭയക്കുന്നത് പരാജയത്തെക്കുറിച്ചാണെന്ന് നമുക്കറിയാം. തിരഞ്ഞെടുപ്പുകള്‍ അല്ലെങ്കില്‍ വോട്ടെടുപ്പുകള്‍ അവര്‍ക്കു പ്രധാനമാകുന്നത് അതുകൊണ്ടാണ്. അതുമാത്രമേ അവര്‍ ഭയക്കുന്നുള്ളൂ. പരാജയപ്പെടുന്ന ഒരു ദിവസം വന്നേക്കാം, അവരുടെ എന്നത്തെയും ഭയമതാണ്. കലാകാരന്മാര്‍ പരാജയത്തെയല്ല വീഴ്ചകളെയാണ് ഭയപ്പെടുന്നത്; തകരാറുകളെയാണ് ഭയപ്പെടുന്നത്. ഒരു കലാപരിപാടി നടക്കുമ്പോള്‍ ശബ്ദം കൃത്യമായി വന്നില്ലെങ്കില്‍, സദസ്യര്‍ കരഘോഷം മുഴക്കിയില്ലെങ്കില്‍, ആഗ്രഹിച്ചതുപോലെ എന്റെ പ്രേക്ഷകര്‍ എന്നോടു പ്രതികരിച്ചില്ലെങ്കില്‍ എനിക്കു ഭയമുണ്ടാകും. സാധനയെന്നും ധ്യാനമെന്നുമൊക്കെ പറയാവുന്ന കാര്യങ്ങള്‍ എല്ലാ സംഗീതത്തിന്റെ കാര്യത്തിലും വരുന്നുണ്ടാകാം. പക്ഷേ, ഒരു പരിപാടിക്കുവേണ്ടി പ്രാക്ടീസുചെയ്യുന്ന സമയത്തുതന്നെ കാണികളുടെ കൈയടി അയാള്‍ക്കു കേള്‍ക്കാന്‍ കഴിയുമെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയൊന്നുമില്ല. പ്രാക്ടീസ് ചെയ്യുമ്പോള്‍ അടുത്താരുമുണ്ടാകില്ല, എങ്കിലും ആ സമയത്ത് കലാകാരന്‍ ഒരു തരം ത്രില്ലനുഭവിക്കുന്നുണ്ട്. പിറ്റേന്ന് വൈകിട്ട് എത്ര ഉച്ചത്തിലുള്ള കരഘോഷമാണ് ഞാന്‍ കേള്‍ക്കുന്നതെന്നാണ് അയാള്‍ ഓരോ നിമിഷവും ഓര്‍ക്കുന്നത്. അതുകൊണ്ട് പരിശീലനം പോലും ഭയപ്പെടുത്തുന്ന ഏര്‍പ്പാടാണ്. എനിക്കു ലഭിക്കാന്‍ പോകുന്ന സ്വീകാര്യതയെക്കുറിച്ചു ചിന്തിച്ചുകൊണ്ടേയിരിക്കുന്ന സമയം മാത്രമാണത്.
പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
Comments are closed.