മരണത്തിന്റെ ഗന്ധം ശ്വസിച്ചവള്‍
ഉത്തമപാകം എന്ന ഏറ്റവും പുതിയ നോവലില്‍ നിന്ന്
“രേഖയുടെ അമ്മമ്മയുടെ മണമായിരുന്നു അത്. കുട്ടിയായിരുന്നപ്പോളാണ് ആദ്യമായി അവളാ മണം മണത്തത്. അമ്മമ്മ, കല്യാണി മരിച്ചുകിടന്ന പാലമരച്ചോട്ടില്‍നിന്നായിരുന്നു അത്. അമ്മമ്മയെ അച്ചാച്ചന്‍ കുമാരന്‍ കൊന്നത് എങ്ങനെയെന്ന് പലവുരു രേഖ എന്നോട് പറഞ്ഞിട്ടുണ്ട്.
താന്‍ ഇല്ലാത്തപ്പോള്‍ രഹസ്യക്കാരെ വെച്ചെന്ന് കുറ്റപ്പെടുത്തിയായിരുന്നു അയാളാ കടുംകൈ ചെയ്തത്. പാലമരത്തില്‍ കെട്ടിയിട്ട് വായിലും ഗുഹ്യാവയവത്തിലും കുഴമണ്ണ് തിരുകി അയാള്‍ അവരെ കഴുത്ത് ഞെരിച്ചും ഭേദിച്ചും ശ്വാസം കെടുത്തുകയായിരുന്നു.
ചോരയും മണ്ണും പൂക്കളും കുഴഞ്ഞ മണത്തിലായിരുന്നു കല്യാണി മരിച്ചത്. അതിന്റെ മണമായിരുന്നു പാലമരത്തെ മണത്തത്. അവിടെ നിന്നാണ് രേഖയ്ക്ക് ആ മണം കിട്ടിയത്. ആ മണത്തിന്റെ ഓര്‍മ്മ രേഖയെ എല്ലാറ്റില്‍നിന്നും അപഹരിച്ചെടുക്കും.
ഉറക്കത്തില്‍നിന്നായിരിക്കും ചിലപ്പോള്‍ അവള്‍ അതിന്റെ ഓര്‍മ്മയിലേക്കു വഴുതുന്നത്; മറ്റു ചിലപ്പോള്‍ ഗൗരവചിന്തകളിലേക്കും പ്രവൃത്തികളിലേക്കും തനിക്ക് താന്‍ നഷ്ടമാകുന്ന അവസരങ്ങളിലായിരിക്കും അത്.
ഒരിക്കല്‍ ‘വിമല്‍, എന്നെ കല്യാണിയെ മണക്കാന്‍ തുടങ്ങുന്നു..’ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അവളെ ദേഹമാസകലം മണത്തുനോക്കുകയുണ്ടായി. നായയെപ്പോലെ ആയിരക്കണക്കിനു മണത്തിന്റെ സൂക്ഷ്മതകള്‍ അറിയാമെന്ന നാട്യത്തിലായിരുന്നു ഞാനത് ചെയ്തത്. അവളുടെ ദേഹത്ത്, അടിമുടി മണത്തിന്റെ പ്രസരിപ്പു സ്ഥലങ്ങളിലെല്ലാം ഞാന്‍ കടന്നുപോയി. പക്ഷെ, അത് വെറുതെയായിരുന്നു; എന്നില്‍ ഇമ്പമുണ്ടാക്കുന്ന, എന്നെ ത്രസിപ്പിക്കുന്ന മണമായിരുന്നു അവളുടെ ഉടലിടങ്ങളിലാകെ എനിക്കപ്പോള്‍ മണക്കാനായത്.”
എഴുത്തനുഭവത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ അശോകന്‍ പറയുന്നു…
നോവലിലെ പ്രധാന കഥാപാത്രമായ രേഖയുടെ അമ്മൂമ്മ കല്യാണിയെ കൊലപ്പെടുത്തുന്ന ഒരു രംഗം കഥയില്‍ കടന്നുവരുന്നുണ്ട്. നോവലില്‍ അനേകം മരണങ്ങളെ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഒരു സ്ത്രീയുടെ കൊലപാതകത്തെ ചിത്രീകരിക്കുന്നതിനെക്കുറിച്ച് ഒട്ടേറെ ആശങ്കകളുണ്ടായിരുന്നു. വായനക്കാരില്‍ ഒരു ആഘാതം സൃഷ്ടിക്കാതെ എങ്ങനെ അവതരിപ്പിക്കാമെന്നതായിരുന്നു പ്രധാന ചിന്ത.
ഏതു കൊലപാതകവും മനുഷ്യത്വരഹിതമാണ്. എന്നാല്‍ ഈ ക്രൂരതയുടെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ് കല്യാണിയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കുമാരന്റെ മനസ്സ്. അങ്ങനെ ഒരാളെ കൊല്ലാന്‍ കഴിയുമോ എന്നതും ഇത്തരത്തിലുള്ള ഒരനുഭവം എനിക്ക് ഇവിടെ പറയാന്‍ സാധിക്കുമോ എന്ന ചിന്തയും മനസ്സിനെ ഏറെ മഥിച്ചിരുന്നു.
അമ്മൂമ്മയെക്കുറിച്ചുള്ള രേഖയുടെ ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നുവരുന്നത് അവരുടെ മരണമണത്തിലൂടെയാണ്. ‘ചോരയും മണ്ണും പൂക്കളും കുഴഞ്ഞ മണത്തിലായിരുന്നു കല്യാണി മരിച്ചത്.’ അതവളെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത് നറുമണമുള്ള പൂവിതള്‍ ഞെരിച്ചാല്‍ കിട്ടുന്ന മണമായും ചെളിയില്‍ പൂഴ്ന്ന മരത്തിന്റെ മണമായും മറ്റുമാണ്. ഈ മണം അനുഭവിക്കുമ്പോള്‍ രേഖ പലപ്പോഴും സ്വയം മറക്കുന്നവളായി മാറി.
Comments are closed.