DCBOOKS
Malayalam News Literature Website

എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് സഹീറാ തങ്ങള്‍

സഹീറാ തങ്ങള്‍ എഴുതിയ വിശുദ്ധസഖിമാര്‍ എന്ന നോവലില്‍നിന്നും

മാലിബ് പറഞ്ഞതു ശരിയാണ്. ഇക്കാലത്ത് വിവാഹമോചനം ഏറ്റവും കൂടുതല്‍ തകര്‍ക്കുന്നതു പുരുഷനെയാണ്.

സ്ത്രീ ഇതെല്ലാം പുരുഷന്‍ ഒപ്പമുണ്ടായിരുന്നപ്പോഴും ഒറ്റയ്ക്കു ചെയ്യാന്‍ പ്രാപ്തയായിരുന്നു. അവള്‍ക്കൊരിക്കലും സ്വന്തം ടൂത്ത് ബ്രഷില്‍ പേസ്റ്റ് പുരട്ടിക്കൊടുക്കേണ്ട പല്ലു തേക്കാന്‍. ടവ്വലെടുത്തു കൈയില്‍ പിടിപ്പിക്കേണ്ട കുളിക്കാന്‍, വസ്ത്രങ്ങള്‍ അലക്കി അയണ്‍ ചെയ്തു കൊടുക്കേണ്ട എടുത്തണിയാന്‍.

അവള്‍ അവളുടെ പുരുഷനില്‍നിന്ന് സത്യത്തില്‍ ആഗ്രഹിക്കുന്നത് അവള്‍ക്കായി മാറ്റിവെക്കുന്ന അല്പസമയമാണ്. സ്‌നേഹത്തോടെയുള്ള ഒരു തലോടലാണ്. സുന്ദരിയായിരിക്കുന്നല്ലോ എന്ന ഒരു അഭിനന്ദനം. ഒരുപാട് കഷ്ടപ്പെടുന്നില്ലേ എന്ന അനുകമ്പ, ഇന്നു നീ ഒന്നു റെസ്റ്റെടുക്ക്, വേദനയുള്ള കൈയില്‍ ഞാന്‍ മരുന്നു പുരട്ടിത്തരാം എന്നൊരു ആശ്വാസം…അതിലെല്ലാമുപരി ഞാനുണ്ട് നിനക്ക് എന്ന ഉറച്ച ഉറപ്പ്.

ഇതെല്ലാം പ്രത്യേകിച്ചു യാതൊരു ഭാരവുമില്ലാതെ കൊടുക്കാമെന്നിരിക്കലും അവന്‍ അതു ചെയ്യാന്‍ വിമുഖനാവുന്നത് എന്തുകൊണ്ടാവും? പുരുഷസഹജമായ ഈഗോ…അവള്‍ക്കു നല്‍കാനുള്ളത് എന്തെന്ന് മനസ്സിലാക്കാതെ നാളുകള്‍, വര്‍ഷങ്ങള്‍…

ഇത്തരത്തിലുള്ള ഒരു സ്ത്രീ പിന്നെ എങ്ങനെയാണ് മരവിച്ചു പോവാതിരിക്കുക? സെക്‌സിനുവേണ്ടിയുള്ള ഒരു യന്ത്രമല്ല അവളെന്നു തിരിച്ചറിയാന്‍പോലും സാധിക്കാത്തവന്മാര്‍ അതിനും കാലക്രമേണ അവളെ പഴിചാരുന്നു. പുത്തന്‍മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോവുന്നതിനെ ന്യായീകരിക്കുന്നു. ന്യായീകരിക്കുന്നതു പുരുഷനാവുമ്പോള്‍ സമൂഹവും അത് അംഗീകരിക്കുന്നു. എന്തൊരു വിചിത്രമായ വിരോധാഭാസം?

വിവാഹം അന്യവല്‍ക്കരിച്ചുപോവുന്ന കാലം ദൂരെയല്ലെന്നു മസീഹ് മാലിബ് പറഞ്ഞത് ശരിതന്നെയാണെന്ന് എനിക്കും തോന്നിത്തുടങ്ങി.

മതഗ്രന്ഥങ്ങളില്‍ പറയുന്നതുപോല സ്ത്രീ, പുരുഷബന്ധങ്ങള്‍ ഇണയും തുണയും അല്ലാതെയായിക്കഴിഞ്ഞു. വിവാഹം എന്ന ലീഗല്‍ ബോണ്ട് ഇല്ലാതെ ഒരു ആണിനും പെണ്ണിനും സ്‌നേഹത്തിന്റെ കരാറില്‍ ജീവിച്ചുകൂടേ എന്നുള്ള ചോദ്യം ഉത്തരം നല്‍കാനാവാത്ത സമസ്യപോലെ കുഴയ്ക്കുന്നു.

നോവലെഴുത്തിനെക്കുറിച്ച് സഹീറാ തങ്ങള്‍ പറയുന്നു...

ജീവിതത്തിലുടനീളം യാതനകളും കഷ്ടതകളും അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഏതാനും സ്ത്രീകളുടെ ജീവിതമാണ് ഈ നോവലിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. നോവലില്‍ ഞാന്‍ ഭാവനയില്‍ കണ്ട ഒരു സുപ്രധാനരംഗമുണ്ടതില്‍. പക്ഷെ, അത് നോവലിന്റെ അന്തിമഘട്ടത്തില്‍ എഡിറ്റ് ചെയ്യേണ്ടിവന്നു. അത്രമേല്‍ പ്രിയപ്പെട്ടതും എന്റെ മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്നതുമായ ഒരു ഭാഗമായിരുന്നു അത്.

നോവലിലെ പ്രധാന കഥാപാത്രമായ സ്ത്രീ, തന്റെ ഭര്‍ത്താവ് തന്നെ വര്‍ഷങ്ങളായി ചതിക്കുകയാണെന്ന് മനസ്സിലാക്കുമ്പോള്‍ അവളിലുണ്ടാകുന്ന വികാരവിക്ഷോഭങ്ങളാണ് ഈ രംഗത്തിന് പശ്ചാത്തലമാകുന്നത്. അവള്‍സങ്കടപ്പെടുകയോ ആക്രോശിക്കുകയോ അല്ല ചെയ്തത്, പകരം അവള്‍ തന്റെ ഭര്‍ത്താവിനോട് ഒന്നേ ചോദിച്ചുള്ളൂ. നിങ്ങള്‍ എന്നെ ചതിക്കുകയായിരുന്നുവല്ലേ? അവള്‍ ഇത് ചോദിക്കുമ്പോള്‍ കുറ്റസമ്മതം നടത്തി തന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് മാപ്പിരക്കുന്ന ഭര്‍ത്താവിനെയായിരുന്നു മനസ്സില്‍ കണ്ടത്. എന്നാല്‍ ആ വേളയില്‍ പോലും അയാള്‍ തന്റെ തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാതെ ഇല്ല, ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല എന്ന് തറപ്പിച്ചു പറയുമ്പോള്‍, അയാള്‍ വളരെ സമര്‍ത്ഥമായി താന്‍ ചെയ്ത തെറ്റിനെ മൂടിവയ്ക്കുകയാണെന്ന് അവള്‍ മനസ്സിലാക്കുന്നു. ഇവിടെ അവള്‍ അമ്പേ തകര്‍ന്നുപോവുകയാണ്. തന്റെ പ്രതീക്ഷകളെ തകര്‍ത്ത ഭര്‍ത്താവിന് ഒരവസരം കൂടി നല്‍കാന്‍ മനസ്സില്‍ തീരുമാനിച്ചിരുന്ന അവള്‍ക്ക് ഭര്‍ത്താവിന്റെ പ്രതികരണം സമ്മാനിക്കുന്നത് ഒരുതരം മരവിച്ച അവസ്ഥയാണ്. സഹനത്തിന്റെയും ക്ഷമയുടെയും ആള്‍രൂപമായി മാറുന്ന ഇത്തരം സ്ത്രീജീവിതങ്ങളുടെ അനുഭവങ്ങള്‍ എത്രമാത്രം വേദനയാണ് നമുക്കു സമ്മാനിക്കുന്നത്.

 

Comments are closed.