കഥയും ജീവിതവും സന്ധിച്ചപ്പോള്‍…എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് പി.എസ് റഫീഖ്
പി.എസ്.റഫീഖിന്റെ കടുവ എന്ന പുതിയ ചെറുകഥാസമാഹാരത്തിലെ തൊള്ളായിരത്തി എഴുപത്തിയഞ്ച് എന്ന കഥയില്‍നിന്നും
‘നന്നേ പുലര്‍ച്ചെ വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ടുകേട്ടാണ് ഉണര്‍ന്നത്. പ്രസിദ്ധീകരണശാലയില്‍ ജോലിക്കു പോയിത്തുടങ്ങിയതില്‍പ്പിന്നെ ആറുമണിക്ക് എഴുന്നേല്‍ക്കുമെങ്കിലും അതിനു മുമ്പ് ഉറക്കം തടസ്സപ്പെട്ടതിനാല്‍ വിമ്മിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് പിടഞ്ഞെണീറ്റു. അത്ര ബലമില്ലാത്ത മുന്‍വശത്തെ പഴയ വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ടുകൊണ്ട് വിറ ബാധിച്ചിരുന്നു. ഓടാമ്പല്‍ നീക്കി ഒരു പാളി തുറന്നുനോക്കിയപ്പോള്‍ തുറക്കാത്ത വാതില്‍പ്പലകയില്‍ തള്ളിപ്പിടിച്ച് കൂടെക്കൂടെ പുറത്തേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് ശീതനടിച്ചു കയറുന്ന വരാന്തയില്‍ കൃഷ്ണക്കമ്മത്ത് നില്‍ക്കുന്നു. രണ്ടാമത്തെ പാളിയുടെ തുരുമ്പ് കുറ്റിയെടുത്തപ്പോഴെക്കും കമ്മത്ത് വീടിനകത്തേക്കു തള്ളിക്കയറി എന്നോട് പറഞ്ഞു:
‘ വീടിപ്പോ പൊലീസു വളയും.‘
എന്റെ നോട്ടത്തിനു മറുപടി തരാതെ അയാള്‍ അച്ഛന്‍ കിടക്കുന്ന മുറിയിലേക്കു കാറ്റുപോലെ കടന്നു. ഉറങ്ങുകയായിരുന്ന അച്ഛന്റെ കാലില്‍ പിടിച്ചു കുലുക്കി അയാള്‍ എഴുന്നേല്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കമ്മത്തിന്റെ കോമ്രേഡ് വിളിയുടെ കനം കൂടിയപ്പോള്‍ അച്ഛന്‍ കണ്ണുതുറന്ന് ദേഹത്തുനിന്ന് പഴയ കമ്പിളി മാറ്റി കട്ടിലില്‍ എഴുന്നേറ്റിരുന്നു. പിറകേ വന്ന ഞാന്‍ മുറിയിലെ അഴുക്കുപിടിച്ച സ്വിച്ചിട്ടു. ചെറിയ വെട്ടത്തില്‍ കട്ടിലിന്റെ തലയ്ക്കലിരുന്ന് അയാള്‍ അച്ഛന്റെ നേരെ നോക്കി ഭയത്തോടെ പറഞ്ഞു:
‘കെ.വേണുവിനെ പോലീസ് അറസ്റ്റു ചെയ്തു. ഈ വീടിപ്പോ പോലീസു വളയും.’
അച്ഛന്‍ എന്റെ നേരേ നോക്കി. ആ നോട്ടം എന്തിനാണെന്ന് എനിക്കറിയാം...’
എഴുത്തനുഭവം പങ്കുവെച്ച് പി.എസ്.റഫീഖ്
“ഈ കഥാസമാഹാരത്തിലെ തൊള്ളായിരത്തി എഴുപത്തിയഞ്ച് എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ദിവസമാണ് മുന്‍ നക്‌സലൈറ്റ് നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ടി.എന്‍ ജോയ് മരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ കഥയില്‍ പറയുന്നുണ്ട്. ഒരു കഥാപാത്രമായി അദ്ദേഹം കടന്നുവരുന്നുമുണ്ട്. കഥ വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കുന്നതിനായി അദ്ദേഹം എന്നെ വിളിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ, അങ്ങനെ സംഭവിച്ചില്ല. ഏറെക്കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഒരു സുഹൃത്താണ് ഫോണെടുത്തത്. ഗുരുതരാവസ്ഥയിലാണ് എന്ന വാര്‍ത്തയാണ് കേട്ടത്. അന്ന് വൈകിട്ട് തന്നെ അദ്ദേഹം മരിച്ചു.
അദ്ദേഹം എന്റെ സുഹൃത്തായിരുന്നു. എന്റെ മാത്രമല്ല, ഒരുപാട് പേരുടെ സുഹൃത്തായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നക്‌സലൈറ്റ്-ജയില്‍വാസകാലത്തെക്കുറിച്ചൊക്കെ നമുക്കറിയാം. കൊടുങ്ങല്ലൂരിന്റെ സാമൂഹ്യ- സാംസ്‌കാരിക ലോകത്ത് വളരെ സജീവമായിരുന്നു അദ്ദേഹം. ഒരു പ്രത്യേകതരം മനുഷ്യനായിരുന്നു. അദ്ദേഹത്തിന് ആ കഥ വായിക്കാന്‍ സാധിച്ചില്ല എന്നത് ഇന്നും ഒരു വേദനയായി അവശേഷിക്കുന്നു. കഥയും ജീവിതവും എപ്പോഴോ കൂട്ടിമുട്ടിയ ഒരനുഭവമായി ഇന്നും അത് മനസ്സിലുണ്ട്.”
Comments are closed.