എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് കഥാകൃത്ത് കെ.വി മണികണ്ഠന്‍
കെ.വി മണികണ്ഠന്റെ ഭഗവതിയുടെ ജട എന്ന കഥാസമാഹാരത്തിലെ അഫ്രാജ് എന്ന കഥയില്‍നിന്ന്
“എനിക്ക് കഴിഞ്ഞ ഡിസംബറില്‍ 33 കഴിഞ്ഞു. അതിവിടെ പറയേണ്ട കാര്യമൊന്നുമില്ലെന്നറിയാം. എന്നാലും! നമ്മളു മലയാളികളുടെ അടുത്ത ചോദ്യം കല്യാണം കഴിഞ്ഞോ, കുട്ടികള്‍ എത്ര, ഏയ് എന്തിനു കല്യാം എന്ന് ചോദിച്ചാ കുരിശുകണ്ട ചെകുത്താന്റന്തി ഒരു നോട്ടംണ്ട്.അല്ല, എന്റെ പോളിസി ഇതാണ്. കുട്ടികളെ ഇണ്ടാക്കാന്‍ എന്താനാണ് ഒരു കിന്റല്‍ ആണിറച്ചി ലൈഫ് മുഴോന്‍ ചുമ്മുന്നത്? ഇപ്പ എലിസബത്ത് എന്ന എന്നെ ഏകദേശം പിടികിട്ടിക്കാണുമല്ലോ. ഒരുകാര്യം കൂടി, ഞാനൊരു പ്രഖ്യാപിത ഡിങ്കോയിസ്റ്റാണ്. ശക്തരില്‍ ശക്തനായ ഡിങ്കഭഗവാനെ ഉപവസിക്കുന്നവള്‍. ഇനി കാര്യത്തിലേക്ക് കടക്കാം.
കുറച്ചുനാളായി എന്റെ ഉറക്കം കെടുത്തുന്ന ഒരുവനുണ്ട്. അയാളെപ്പറ്റിയാണ്. ആദ്യമേ പറഞ്ഞുവച്ചിരിക്കുന്നു; വെറും ബയോളജിക്കല്‍ അട്രാക്ഷന്‍ മാത്രമായിരുന്നു തുടക്കത്തില്‍. പച്ചയ്ക്ക് പറയാം.അവനെ എന്റെ ബെഡിലിട്ട് കശക്കിയുടയ്ക്കണം. ആള് അതിനുള്ളത് ഉണ്ട്. ഒരു നിസംഗന്‍ ലുക്കാണ്. എന്നാലോ, ആരോ തന്നെ ആക്രമിക്കാന്‍ വരുന്നു എന്ന നിലയില്‍ കണ്ണുകള്‍ സദാ അലര്‍ട്ടായിരിക്കുന്നവന്‍. നമ്മളെ പൂര്‍ണ്ണമായും അവഗണിക്കുന്ന ഒരുത്തനോട് തോന്നുന്ന ഒരിത് ഇല്ലേ ? വാശിപോലെ എന്തോ? അതാണ് നിന്നെ ഞാന്‍ വളയ്ക്കും മോനേ എന്ന് മനസ്സില്‍ ഉറപ്പിച്ചത്. പോകെ പോകെ ഒക്കെ ട്വിസ്റ്റ് ആര്‍ന്ന്. ആ ആഗ്രഹം ഒക്കെ പിന്നോട്ടായി ഇപ്പോ. സത്യം പറഞ്ഞാ, ഈ നിമിഷം എനിക്കുള്ളത് ഒരു പ്രൊഫഷണല്‍ ഇന്ററസ്റ്റാണ്. ആവ്! മെയിന്‍ കാര്യം മറന്നു. ഞാന്‍ ഒരു ടി.വി ജേണലിസ്റ്റാണ്.
ഇനി ബാക്കി കേള്‍ക്കൂ;
മലയാളം എഴുതാനും വായിക്കാനും അറിയാത്തവനാണ് ജാസി എന്ന് തേരേസാ വിളിക്കുന്ന ജാസിം എന്ന മുപ്പത് വയസ്സുള്ള ചെറുപ്പക്കാരന്‍. എന്താണിത് ഇങ്ങനെ എന്ന് നിങ്ങള്‍ക്ക് തോന്നാം. എനിക്കും തോന്നിയിരുന്നു ആദ്യം. അത് വഴിയെ മനസ്സിലാകും. ഈ ജാസിം താമസിക്കുന്നത് തേരേസയുടെ വീട്ടിലാണ്. രസം കേള്‍ക്കണോ? ഇന്‍ഡ്യന്‍ നിയമപ്രകാരം തേരേസ ആണു ജാസിമിന്റെ അമ്മ. കഴിഞ്ഞ ആഴ്ച കടപ്പുറം പൊലീസ് ഒരു അറസ്റ്റ് നടത്തി. അയാള്‍ നിരക്ഷരനായത് നന്നായി. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പേ തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിറയെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട അമ്മയും മകനും നിറഞ്ഞാടി. മണക്കുന്നില്ലേ ഒരു ഗൂഢാലോചന? അതിനെപ്പറ്റി കൂടുതലെന്തെങ്കിലും ഞാന്‍ പറയണോ? ഇവരുടെ പേരുകള്‍ കഥ പറയുന്നില്ലേ? കാലത്തിന്റെ കളി. ആര്‍ഭാരതത്തിന്റെ വര്‍ത്തമാനം. ഭാവി ചിലരുടെ കയ്യിലും…”
കഥയെഴുത്തിലെ അനുഭവങ്ങള്‍ വിവരിച്ച് കെ.വി മണികണ്ഠന്‍
അഫ്രാജ് എന്ന കഥയിലെ ജാസിം എനിക്ക് നേരിട്ടറിയാവുന്ന ഒരാളുടെ കഥയാണ്. അയാളുടെ ചില അനുഭവങ്ങളാണ് ഞാന്‍ കഥയ്ക്കായി മെനഞ്ഞെടുത്തത്. അവന്റെ അച്ഛന്‍ യു.എ.ഇ പൗരനും അമ്മ മലയാളിയുമായിരുന്നു. വിവാഹം കഴിച്ച് ഇവിടെ നിന്നും ഗള്‍ഫില്‍ താമസമാക്കിയ കുടുംബം. പിന്നീട് നാടുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. എങ്കിലും മക്കള്‍ക്ക് അത്യാവശ്യം മലയാളമൊക്കെ അറിയാം. ചെറുപ്പം മുതല്‍ അവന് ക്രിമിനല്‍ മൈന്‍ഡ് ആയിരുന്നു. എട്ട് വയസ്സില്‍ ഒരു കുറ്റകൃത്യത്തിന് അവന് ജയിലില്‍ പോകേണ്ടി വന്നു. പിന്നീട് പല പ്രാവശ്യം ജയിലില്‍ പോയി. ഒടുവില്‍ അവിടത്തെ ഒരു പൊലീസുകാരനെ ജയിലിനുള്ളില്‍ വെച്ച് തല്ലിയതിന് കുറേയേറെ നാള്‍ ശിക്ഷയനുഭവിക്കേണ്ടിവന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിയമം വളരെ കര്‍ശനമാണെന്നറിയാമല്ലോ. പൊലീസുകാരനെ തല്ലിയതിനുള്ള ശിക്ഷ നാടുകടത്തലായിരുന്നു. ജയിലില്‍ കിടന്നിട്ടുള്ളതിനാല്‍ അവിടത്തെ പാസ്‌പോര്‍ട്ടില്ലായിരുന്നു. അവന്റെ അമ്മ മലയാളിയായതിനാല്‍ ഇന്ത്യയിലേക്ക് നാടുകടത്തി. ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത അവന്‍ അങ്ങനെ കേരളത്തിലെത്തി. ഇപ്പോഴും അയാള്‍ കേരളത്തിലുണ്ട്.
Comments are closed.